തൃക്കാക്കര: അസമിലും ബംഗാളിലിലും യാത്രക്കാരുമായി പോയി തിരികെ വരാൻ കഴിയാതെ കുടുങ്ങിപ്പോയ കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾ തിരികെ കേരളത്തിൽ എത്തിക്കുന്നതിനായി എറണാകുളം ആർ.ടി.ഓഫീസിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. അസമിൽ മാത്രം 170 ഓളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതായാണ് മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാരെ ഫോണിൽ വിളിച്ച് വിവരം തിരക്കുകയും കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്ന വാഹനങ്ങളിൽ സ്പെഷ്യൽ പെർമിറ്റ് കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ പെർമിറ്റ് ഓൺലൈനായി പുതുക്കുന്നതിനുളള സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്. വാഹൻ വെബ് സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടതും ഫീസ് അടയ്ക്കേണ്ടതും.