ആലുവ: മാസ്‌കുകൾ, സാനിറ്റൈസറുകൾ തുടങ്ങിയ കൊവിഡ് പ്രതിരോധ വസ്തുക്കൾക്ക് അമിത വില ഈടാക്കിയ സ്ഥാപനങ്ങൾക്ക് ലീഗൽ മെട്രോളജി ഫ്ളൈയിംഗ് സ്‌ക്വാഡ് മിന്നൽ പരിശോധന നടത്തി പിഴയിട്ടു. 45,000 രൂപയാണ് പിഴയിട്ടത്.
കളമശേരി മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിക്കുന്ന ഒരു മെഡിക്കൽ സ്റ്റോറിൽ മാസ്കിന് ആറ് രൂപ ഈടാക്കുന്നതായാണ് പരാതി വന്നത്. ആവശ്യവസ്തുക്കളുടെ ആക്ട് പ്രകാരം സർക്കാർ നിശ്ചയിച്ചിരിക്കുന്ന വില മൂന്നു രൂപ 90 പൈസയാണ്. ആലുവയിലും കാക്കനാട്ടിലെയും ഒരു കടയിൽ ഹാൻഡ് സാനിറ്റൈസർ 500 മില്ലിക്ക് 249 രൂപ വീതമാണ് വാങ്ങിയിരുന്നത്. ഇതിന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന വില 192 രൂപയാണ്.
ഇത്തരം സ്ഥാപനങ്ങൾക്കെതിരെയാണ് കേസെടുത്തത്. സ്‌ക്വാഡ് ഡെപ്യൂട്ടി കൺട്രോളർ സി. ഷാമോൻ, ഇൻസ്‌പെക്ടിംഗ് അസിസ്റ്റന്റുമാരായ എ.എക്‌സ്. ജോസ്, വി.എസ്. രാജേഷ് പരിശോധനക്ക് നേതൃത്വം നൽകി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.