കൊച്ചി: പഴം, പച്ചക്കറി, പാൽ, മത്സ്യമാംസാദികൾ ഉൾപ്പെടെ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെയും മറ്റു സ്ഥാപനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് ആറു വരെയും പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടു. ആവശ്യങ്ങൾ ഉൾപ്പെടുന്ന നിവേദനം മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് എന്നിവർക്ക് സമർപ്പിച്ചതായി ചേംബർ പ്രസിഡന്റ് ജി. കാർത്തികേയനും ജനറൽ സെക്രട്ടറി കെ.എം. വിപിനും അറിയിച്ചു. ലോക്ക് ഡൗൺ 30 വരെ നീട്ടിയതോടെ പത്തു ലക്ഷത്തോളം വ്യാപാരികളുടെയും ജീവനക്കാരുടെയും കുടുംബങ്ങൾ ബുദ്ധിമുട്ടിലാണ്. ലോക്ക് ഡൗൺ പിൻവലിക്കുന്നത് വരെ നടപ്പാക്കാവുന്ന പ്രായോഗിക നിർദ്ദേശങ്ങളും സമർപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു.