കൊച്ചി: രാജ്യത്ത് സായുധപോരാട്ടത്തിന് ആഹ്വാനംചെയ്ത സർവകലാശാല അദ്ധ്യാപകനെ പിന്തുണച്ച എം.പിമാരുടെ നടപടി സത്യപ്രതിജ്ഞാലംഘനമാണെന്ന് ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മേൽനോട്ട സമിതി അംഗം എ.വിനോദ് ലോക്‌സഭാ സ്പീക്കർക്ക് പരാതിനൽകി.
രാജ്യത്തുള്ളത് ഫാസിസ്റ്റ് ഭരണമാണെന്നും അതിനെതിരെ ന്യൂനപക്ഷങ്ങളുടെ സഹകരണത്തോടെ സായുധവിപ്ലവത്തിന് ശ്രമിക്കണമെന്നും വിദ്യാർത്ഥികളെ ആഹ്വാനംചെയ്തതിന്റെ പേരിൽ അന്വേഷണം നേരിടുന്ന അദ്ധ്യാപകനെയാണ് എം.പിമാരായ ശശി തരൂരും രാജ്മോഹൻ ഉണ്ണിത്താനും പിന്തുണച്ച് രംഗത്തുവന്നത്.
അദ്ധ്യാപകന്റെ നിലപാടാണോ ഈ എം.പിമാർക്കുള്ളതെന്ന് അവർ തുറന്നുപറയണം. അദ്ധ്യാപകന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ആവലാതിയുള്ളവരാണെങ്കിൽ പത്രത്തിൽ ലേഖനമെഴുതിയതിന്റെ പേരിൽ അന്വേഷണം നേരിടുന്ന കോഴിക്കോട് സർവകലാശാല അദ്ധ്യാപകനെയാണ് എം.പി മാർ പിന്തുണക്കേണ്ടതെന്നും വിനോദ് പറഞ്ഞു.