അങ്കമാലി: വെള്ളം കോരുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽവീണ വൃദ്ധയെ ഫയർഫോഴ്സ് രക്ഷപെടുത്തി. പുളിയനം കോട്ടപ്പടിവീട്ടിൽ ലക്ഷ്‌മിയെയാണ് (90) രക്ഷപെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സംഭവം അറിഞ്ഞ ഉടനെ അയൽവാസി സജേഷ് കിണറ്റിലേക്ക് ഇറങ്ങിയെങ്കിലും അതിനിടയിൽ കൈക്ക് പരിക്കേറ്റതിനാൽ വൃദ്ധയെ രക്ഷപെടുത്താനായില്ല. നാട്ടുകാർ സമീപത്ത് താമസിക്കുന്ന ഫയർസ്റ്റേഷൻ ഓഫീസർ അനിൽമോഹനനേയും അങ്കമാലി ഫയർഫോഴ്സിനേയും അറിയിച്ചു. കിണറ്റിൽ വെള്ളം കൂടുതലുള്ളതിനാൽ അനിൽ മോഹൻ ഫയർഫോഴ്സ് സംഘം എത്തുന്നതിന് മുൻപ് കിണറ്റിലിറങ്ങി രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. അങ്കമാലി അസി.സ്റ്റേഷൻ ഓഫീസർ എൻ. ജിജിയുടെ നേതൃത്വത്തിലെത്തിയ ഫയർഫോഴ്സ് സംഘം സുരക്ഷാവലയം ഉപയോഗിച്ചാണ് വൃദ്ധയെ കിണറ്റിൽനിന്ന് കയറ്റിയത്. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ അബ്ദുൾ നാസർ, ബെന്നി അഗസ്റ്റിൻ, അജിത്കുമാർ, ടി.ആർ. ഷിബു, എം.ആർ. അരുൺ, സാജൻ സൈമൺ, രജീത്കുമാർ, ഉദയേന്ദ്ര, എൽറെയ്സൺ എന്നിവരും ഉണ്ടായിരുന്നു.