അങ്കമാലി: അങ്കമാലി സെന്റ്. ജോർജ് ബസിലിക്ക പള്ളിയുടെ മിനാരത്തിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള കുരിശിന് തീപിടിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. 30 മീറ്ററോളം ഉയരമുള്ള മിനാരത്തിന് മുകളിൽക്കയറി അഗ്നിശമന സേന
തീയണച്ചു. കുരിശിൽ പിടിപ്പിച്ചിരുന്ന എൽ.ഇ.ഡി.ബൾബുമായി ബന്ധപ്പെട്ടുണ്ടായ ഷോർട്ട് സർക്യൂട്ടാണ്
തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. മിനാരത്തിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള കുത്തനെയുള്ള ഇരുമ്പ് കോണിയിലൂടെ സേനംഗം സാജൻ സൈമൺ മുകളിൽ കയറി തീപിടിച്ച ഇലക്ട്രിക് കേബിളുകൾ മുറിച്ചുമാറ്റി.
അങ്കമാലി ഫയർഫോഴ്സ് ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ കെ.എം. അബ്ദുൾ നസീറിന്റെ നേതൃത്വത്തിൽ സി.ആർ. രതീഷ്, അജിത്കുമാർ, ടി.ആർ. ഷിബു, സാജൻ സൈമൺ, രജിത്ത്കുമാർ, ആർ.എൽ. റൈസൺ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.