ആലുവ: ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ആരംഭിച്ച കൊവിഡ് വാക്‌സിൻ സർവേയുമായി ആലുവ നഗരസഭയിലെ ഭൂരിഭാഗം കൗൺസിലർമാരും നിസഹകരിച്ചതോടെ സർവേ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരുമോയെന്ന് ആശങ്ക.

കൊവിഡ് വാക്‌സിൻ തുടർന്ന് ലഭിക്കേണ്ട നഗരവാസികളുടെ പട്ടിക തയ്യാറാക്കുന്നതിനാണ് കഴിഞ്ഞ ദിവസം സർവേ ആരംഭിച്ചത്. ലോക്ക് ഡൗൺ തീരുന്നതിന് മുമ്പായി ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതാത് വാർഡുകളിലെ അവശ്യ സേവനത്തിൽ പെടാത്ത സർക്കാർ ജീവനക്കാർക്കാണ് ചുമതല.

എന്നാൽ വാക്‌സിൻ എടുക്കേണ്ടവരുടെ പട്ടിക എടുത്തിട്ടുണ്ടെന്നും അവർക്ക് വാക്‌സിൻ കൊടുക്കാതെ വീണ്ടും സർവേ നടത്തുന്നതാണ് കൗൺസിലർമാരുടെ എതിർപ്പിന് കാരണം. കൗൺസിലർമാരെ വിവരങ്ങൾ അറിയിക്കാതെ സർവേ നടത്തുന്നതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇന്നലെ നഗരസഭയിലെ കൊവിഡ് കേന്ദ്രത്തിൽ കൗൺസിലർമാരും ഉദ്യോഗസ്ഥരും തമ്മിൽ ഇതിനെച്ചൊല്ലി തർക്കവും നടന്നു.

ലോക്ക് ഡൗൺ മാറിയാൽ സർക്കാർ ജീവനക്കാർ ജോലികളിലേക്കും ഹൈസ്കൂൾ, ഹയർ സെക്കൻഡറി അദ്ധ്യാപകർ മൂല്യനിർണയ ക്യാമ്പുകളിലേക്കും മടങ്ങും. ഇതോടെ വാർഡ്തല സർവേയ്ക്ക് നേതൃത്വം നൽകാൻ ആളില്ലാതാകും. ഏതാനും വാർഡുകളിൽ കൗൺസിലർമാർ വിവരങ്ങൾ കൈമാറുന്നുണ്ട്. ചിലർ വീഡിയോ കാൾ വരെ നടത്തിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്.

​ഡേ​റ്റാ​ ​എ​ൻ​ട്രി​ ​ന​ട​ത്താ​ൻ​ ​ആളില്ല

വാർഡ് കൗൺസിലർ, ജാഗ്രത സമിതിയംഗങ്ങൾ, അങ്കണവാടി, കുടുംബശ്രീ, ആശാ വർക്കർ തുടങ്ങിയവരെ ബന്ധപ്പെട്ട് വിവരം ശേഖരിക്കാനാണ് നിർദേശം. വാർഡിലെ താമസക്കാരുടേ പേര്, മേൽവിലാസം, ജനന തിയ്യതി, വാക്‌സിനെടുത്ത തിയ്യതി, ഫോൺ നമ്പർ, കൊവിഡ് സ്ഥിതി, അനാരോഗ്യം തുടങ്ങി 20 ഓളം വിവരങ്ങളാണ് ശേഖരിക്കുന്നത്. ശേഖരിച്ച വിവരങ്ങൾ ഡേറ്റാ എൻട്രി നടത്താൻ സഹായികളില്ലാത്തതിനാൽ അതും മുടങ്ങിക്കിടക്കുകയാണ്.