കൊച്ചി:കണ്ടാൽ ഇത്തിരിക്കുഞ്ഞൻ. പക്ഷേ, കൈയിലിരിപ്പ് ആരുടേയും ഗ്ലാമർ തകർക്കും. ഒപ്പം ബ്ലാക്ക് ഫംഗസ് പേടിയും സമ്മാനിക്കും. കുഞ്ഞൻ ഷഡ്പദമായ ബ്ളിസ്റ്റർ ബീറ്റിൽ കൊവിഡ് കാലത്ത് കൊച്ചിയിൽ അരങ്ങ് തകർക്കുകയാണ്. ഈ കുഞ്ഞുവില്ലൻ മനുഷ്യശരീരത്തിൽ സ്പർശിച്ചാൽ മതി സംഗതി കുഴപ്പത്തിലാകും. സ്പർശിക്കുന്ന ഭാഗത്ത് ചൊറിച്ചിലാണ് ആദ്യം. പിന്നെ വീർത്തു പൊങ്ങും. തൊട്ടടുത്ത ദിവസങ്ങളിൽ ഇവിടം കറുത്തുവരികയും ചെയ്യും. ഈ ലോക്ക്ഡൗണിൽ തൃക്കാക്കരയിൽ മാത്രം അറുപതിലധികം പേർക്ക് ഈ പ്രാണിയിൽ നിന്നും പണികിട്ടി. കഴിഞ്ഞ വർഷം ചികിത്സ തേടിയത് 200ലധികം പേരാണ്.
പീഡുറസ് ഡർമിറ്റൈറ്റിസ്
ബ്ലിസ്റ്റർ ബീറ്റിൽ വിഭാഗത്തിൽപ്പെടുന്ന ഷഡ്പദങ്ങൾ മൂലം ത്വക്കിന് ഉണ്ടാകുന്ന അലർജിയാണ് പീഡുറസ് ഡർമ്മിറ്റൽ. രാത്രികളിൽ വെളിച്ചത്താൽ ആകർഷിക്കപ്പെട്ടാണ് ഇവ വീടുകളിലെത്തുന്നത്. പറന്ന് ദേഹത്ത് വന്നിരിക്കും. ശരീരം അനങ്ങുമ്പോൾ ഇവ പേടിച്ച് പുറത്തുവിടുന്ന ആസിഡിന് സമാനമായ സ്രവമാണ് അലർജിക്ക് കാരണം. വലിയ പ്രശ്നമുള്ള കേസല്ലെങ്കിലും ത്വക്ക് കറുത്തവരുന്നത് മനുഷ്യനെ വിഷമത്തിലാക്കും.
ശ്രദ്ധിക്കാം
1. ജനലും വാതിലും അടച്ചിടുക
2.രാത്രി കിടക്കുന്നതിന് മുമ്പാ ലൈറ്ര് ഓഫാക്കുക
3.കുട്ടികളുടെ മുറിയിൽ സീറോ ബൾബ് ഒഴിവാക്കുക
4.ഫോൺ,ലാപ് എന്നിവ രാത്രി ഉപയോഗം കുറയ്ക്കുക
5.ജനലിൽ നെറ്റ് സ്ഥാപിക്കുക
തൃക്കാക്കര ഭാഗത്ത് നിന്ന് നിരവധി പേർ ചികിത്സതേടിയിരുന്നു. ഇത് ബ്ലാക്ക് ഫംഗസല്ല. പ്രാണി മൂലം ഉണ്ടാകുന്ന അലർജിയാണ്. പേടിക്കേണ്ട കാര്യമേയില്ല. ചികിത്സ തേടി സുഖപ്പെടുത്താം.
ഡോ.ജോസ് ചാലിശേരി
ത്വക്ക് രോഗവിദഗ്ദ്ധൻ