തൃക്കാക്കര: കാക്കനാട് -കുമാരപുരം റോഡിൽ കുന്നുംപുറത്ത് വർഷങ്ങളായി കെട്ടിക്കിടന്ന മാലിന്യം തൃക്കാക്കര നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായാണ് ശുചീകരണം ആരംഭിച്ചത്. സിവിൽലൈൻ റോഡിൽ കുന്നുംപുറം എൻ.ജി.ഒ ക്വാർട്ടേഴ്സ് റോഡിനു ഇരുവശത്തേയും മാലിന്യ നിക്ഷേപം പ്രദേശവാസികൾക്കും വഴിയാത്രക്കാർക്കും ദുസഹമായിരുന്നു. കൊച്ചി മെട്രോയ്ക്കായി സ്ഥലം ഏറ്റെടുത്ത കാക്കനാട് കുന്നുംപുറം റോഡിൽ കഴിഞ്ഞ അഞ്ചുവർഷത്തിലേറേയായി കെട്ടിക്കിടന്ന മാലിന്യങ്ങളാണ് നീക്കം ചെയ്തത്. നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ നടത്തിയ തീവ്ര ശ്രമത്തിനൊടുവിലാണ് ഈ പ്രദേശത്തെ മാലിന്യങ്ങൾ നീക്കം ചെയ്യാനായതെന്ന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റാഷിദ് ഉള്ളംപള്ളി പറഞ്ഞു. ഈ പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം. രാത്രി പട്രോളിംഗ് സംവിധാനം ഒരുക്കും.
തൃക്കാക്കര നഗരസഭ പ്രദേശത്തെ പൊതുസ്ഥലങ്ങളിലുള്ള മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്യാൻ നടപടി ആരംഭിച്ചതായി നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ പറഞ്ഞു. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി നഗരസഭയിലെ മുഴുവൻ വാർഡുകളിലും ആശാ വർക്കർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ ക്ളോറിനേഷൻ നടപടികൾ ആരംഭിക്കും.