y-con
യൂത്ത് കോൺഗ്രസ് പ്രവർത്തകർ നെടുമ്പാശേരി മേഖലയിൽ ഉച്ചഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നു

നെടുമ്പാശേരി: ലോക്ക് ഡൗണിനെത്തുടർന്ന് പൊതിച്ചോറ് നൽകുന്ന യുവാക്കൾക്ക് ഓട്ടോയിൽ എത്തിയ അജ്ഞാതന്റെ നന്ദിയുടെ കൈയൊപ്പ്. യൂത്ത് കോൺഗ്രസ് ആഭിമുഖ്യത്തിലുള്ള യൂത്ത് കെയർ നെടുമ്പാശേരി മേഖലയിൽ ഒരാഴ്ചയോളമായി ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നുണ്ട്. ബുധനാഴ്ചയും ഉച്ചയ്ക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നതിനിടെ ഓട്ടോയിൽനിന്ന് തിരിച്ച് നൽകിയ അജ്ഞാതന്റെ കത്ത് യുവാക്കൾക്ക് ആവേശമായി.

കഴിഞ്ഞ 10 വർഷമായി താൻ ഡയാലിസിസ് രോഗിയാണെന്നും ആഴ്ചയിൽ മൂന്നു പ്രാവശ്യം മഞ്ഞപ്രയിൽ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ഡയാലിസിസിന് വിധേയമാകുന്നതെന്നും ലോക്ക് ഡൗണിനെത്തുടർന്ന് കഴിഞ്ഞദിവസം വെള്ളംപോലും ലഭിക്കാതെ വിശന്നുവലഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തനിക്കും ഭാര്യയ്ക്കും ഓട്ടോഡ്രൈവർക്കും ഭക്ഷണപ്പൊതി കിട്ടിയത് അനുഗ്രഹമായെന്നും ഇത് മാതൃകയാണെന്നും അകമഴിഞ്ഞ നന്ദിയും പ്രാർത്ഥനയും രേഖപ്പെടുത്തുന്നുമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.

യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എം.എ. ഹാരിസ്, മണ്ഡലം പ്രസിഡൻറ് മാർട്ടിൻ മാളിക്ക, കെ.എസ്.യു സംസ്ഥാന സെക്രട്ടറി പി.എച്ച്. അസ്ലം തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.