കൊച്ചി: ചെല്ലാനത്ത് കാലവർഷത്തിന് മുമ്പായി അടിയന്തരപ്രാധാന്യമുള്ള കാര്യങ്ങൾ ചെയ്യാൻ സർക്കാർ രണ്ടുകോടി രൂപ അനുവദിച്ചു. തീരത്ത് ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാനും കടലാക്രമണത്തെ തുടർന്നുളള ദുരിതങ്ങൾക്ക് ശാശ്വതപരിഹാരം കാണാനും തിരുവനന്തപുരത്ത് ചേർന്ന മന്ത്രിതലയോഗം തീരുമാനിച്ചു.
ഒരു മാസത്തിനകം ടെൻഡർ നടപടികൾ പൂർത്തീകരിക്കാൻ ഐ.ഡി.ആർ.ബി ഡയറക്ടർ പ്രിയേഷിന് പ്രത്യേക ചുമതല നൽകി. കടലാക്രമണ പ്രശ്‌നങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും സമഗ്രമായ പദ്ധതി നടപ്പിലാക്കണമെന്ന് യോഗം തീരുമാനിച്ചു. മാതൃകാഗ്രാമ പദ്ധതി സംബന്ധിച്ച് വിശദ പദ്ധതി ഒരു മാസത്തിനുള്ളിൽ സമർപ്പിക്കാൻ തീരദേശ വികസന അതോററ്റി എം.ഡി ഷേക്പരിതിനെ ചുമതലപ്പെടുത്തി.
മന്ത്രിമാരായ പി .രാജീവ്, സജിചെറിയാൻ, റോഷി അഗസ്റ്റിൻ, ആൻറണി രാജു, എം.എൽ.എമാരായ കെ.ജെ മാക്‌സി, പി. പി.ചിത്തരഞ്ജൻ, അഡീഷണൽചീഫ് സെക്രട്ടറി ടി.കെ.ജോസ്, ഷേഖ് പരീത് തുടങ്ങിയവർ പങ്കെടുത്തു. 27ന് വൈകിട്ട് മൂന്നിന് എറണാകുളത്ത് നടക്കുന്ന ജനപ്രതിനിധികളുടെ യോഗത്തിൽ മന്ത്രിമാർ പങ്കെടുക്കും.

അടിയന്തര നടപടികൾ

* വിജയൻ കനാലിലും ഉപ്പുതോട്ടിലും അടിഞ്ഞുകൂടിയ മണലും മറ്റും ഒരാഴ്ചക്കുള്ളിൽ നീക്കി നീരൊഴുക്ക് ഉറപ്പു വരുത്തും.

* ജിയോ ബാഗുകൾക്ക് വന്ന കേടുപാടുകൾ തീർക്കുന്നതിനും കടൽഭിത്തിയിലുണ്ടായ വിള്ളലുകൾ പരിഹരിക്കുന്നതിനും 45 ലക്ഷം രൂപയുടെ പ്രവൃത്തികൾ ജൂൺ ആദ്യ ആഴ്ച പൂർത്തീകരിക്കും.
* നൂറു ദിന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 16 കോടി രൂപയുടെ തീരസംരക്ഷണ പദ്ധതിക്ക് ടെട്രാപോഡ് ഉപയോഗപ്പെടുത്തും.