കൊച്ചി: ജില്ലയിൽ ആക്ടീവ് കേസുകളും പുതിയ കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും (ടി.പി.ആർ) കുറഞ്ഞു വരികയാണെങ്കിലും 25% ന് മുകളിൽ ടി.പി.ആർ ഉള്ള പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ല കളക്ടർ എസ്. സുഹാസ് മുഖ്യമന്ത്രിയെ അറിയിച്ചു.

സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ജില്ല സജ്ജമാണെന്നും 5000 കിടക്കകളുള്ള ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ സൗകര്യങ്ങൾ ജില്ലയിലുണ്ടെന്നും കളക്ടർ അറിയിച്ചു.18 ഐ.സി.യു. വെന്റിലേറ്ററുകൾ കൂടി ജില്ലയ്ക്ക് പുതുതായി ലഭിച്ചിട്ടുണ്ട്. ജനറൽ ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യമുള്ള ഐ.സി.യു 60 എണ്ണം സജ്ജമായിട്ടുണ്ട്. അമ്പലമുകളിലെ സർക്കാർ താത്കാലിക കൊവിഡ് ആശുപത്രിയിൽ 1000 ഓക്‌സിജൻ ബെഡുകൾ ഉടൻ സജ്ജമാകും. ആസ്റ്റർ മെഡ് സിറ്റിയുടെ നേതൃത്വത്തിലുള്ള 100 ഓക്‌സിജൻ ബെഡുകളിൽ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. സൺറൈസ്, എം.ഇ.എസ് ആശുപത്രികളുടെ 100 വീതം ഓക്‌സിജൻ ബെഡുകളും സജ്ജമാണ്. കൂടാതെ കൊച്ചി സാമുദ്രിക ഹാളിൽ 100 ഓക്‌സിജൻ ബെഡുകൾ 28ന് പ്രവർത്തന സജ്ജമാകും.

സിയാലിൽ ഒരുക്കുന്ന 500 ഓക്‌സിജൻ ബെഡുകളിൽ 30 എണ്ണം പൂർത്തിയായി. ഒരാഴ്ചയ്ക്കുള്ളിൽ ഇത് പൂർണ സജ്ജമാകുമെന്നും കളക്ടർ അറിയിച്ചു.

കടുങ്ങല്ലൂർ പഞ്ചായത്തിൽ കടുത്ത നിയന്ത്രണം

കൊവിഡ് വ്യാപനം തീവ്രമായ കടുങ്ങല്ലൂർ പഞ്ചായത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ല കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. നിലവിൽ 50% ആണ് പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇവിടെ കൂടുതൽ പൊലീസിനെ വിന്യസിച്ച് പരിശോധന കർശനമാക്കും. ആരെയും അനാവശ്യമായി പുറത്തിറങ്ങാൻ അനുവദിക്കില്ല. പഞ്ചായത്തിലേക്ക് പ്രവേശിക്കുന്നതിനും നിയന്ത്രണമുണ്ടാകും. മൊബൈൽ ടെസ്റ്റ് യൂണിറ്റിന്റെ സഹകരണത്തോടെ ഭൂരിഭാഗം ആളുകളെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കും. ലക്ഷണങ്ങളില്ലാത്തവർക്കും പരിശോധന നടത്തും. വ്യവസായ സ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാമെങ്കിലും ജീവനക്കാർ അതതു സ്ഥാപനങ്ങളിൽ തുടരണം.