vehicle

കൊച്ചി: 'കട്ടപ്പുറത്തിരിക്കുന്നത് പതിനായിരത്തോളം കാറുകളാണ്. ബൈക്കുകൾ ഇതിന് ഇരട്ടി വരും. മറ്റ് വാഹനങ്ങൾ വേറെ. ഇവ ഇനി നിരത്തിലിറക്കാൻ മുടക്കേണ്ടത് ലക്ഷങ്ങൾ. എന്ത് ചെയ്യുമെന്ന് അറിയില്ല. ഞങ്ങൾ ആവശ്യപ്പെടുന്നത് ഒരു കാര്യം മാത്രം. ഗ്യാരേജുകളിലും മറ്റു കിടക്കുന്ന വാഹനങ്ങൾ ഇടയ്ക്ക് ഒന്ന് സ്റ്റാർട്ട് ചെയ്യാൻ അനുവദിക്കണം'. പറയുന്നത് സെക്കൻഹാൻഡ് വാഹന ഡീലർമാരാണ്. സെക്കൻഡ് ഹാൻഡ് വാഹന വിപണി പ്രതിസന്ധിയുടെ പടുകുഴിയിലാണ്. ലോക്ക്‌ഡൗണും പിന്നാലെ എത്തിയ പെരുമഴയുമാണ് ഇവരുടെ പ്രതീക്ഷകളെല്ലാം തകിടം മറിച്ചത്. വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാൻ അനുമതിയില്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഈ ആവശ്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകി കാത്തിരിക്കുകയാണിവർ.

കൂട്ടത്തിലുണ്ട് ചരക്ക് ലോറികളും

ബൈക്ക് മുതൽ വലിയ ചരക്ക് വാഹനങ്ങൾ വരെയാണ് യാർഡുകളിൽ കട്ടപ്പുറത്തിരിക്കുന്നത്. ഒരു മാസത്തോളമായി ഇവ സ്റ്റാർട്ടാക്കിയിട്ട്. പരിചരണം നടത്താത്തതിനാൽ ഇനി വാഹനം പുറത്തിറക്കുമ്പോൾ ബാറ്ററി തകരാറിലാകും. കൂടെ സ്റ്റാർട്ടിംഗ് പ്രശ്‌നവും.ഇതു പരിഹരിക്കാൻ ബൈക്കുകൾക്ക് രണ്ടായിരം രൂപയ്ക്ക് മുകളിൽ ചെലവാക്കേണ്ടിവരും. എന്നാൽ നാലുചക്ര വാഹനങ്ങൾ മുതൽ മുകളിലോട്ടുള്ള വാഹനങ്ങൾക്ക് 5000 മുതൽ 50000 രൂപ വരെ വേണ്ടിവരും. കഴിഞ്ഞ ലോക്ക് ഡൗണിൽ വാഹന പരിചരണത്തിന് ഇളവ് അനുവദിച്ചിരുന്നു.

6000 ഷോറൂമുകൾ

സംസ്ഥാനത്ത് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന ആറായിരത്തോളം ഷോറൂമുകളുണ്ട്. ഷോറുമുകളോ ഓഫീസോ ഇല്ലാത്ത ഇരട്ടിയോളം പേർ വേറെയുമുണ്ട്. വാഹനങ്ങൾ പലതും മേൽക്കൂര പോലും ഇല്ലാത്ത ഇടങ്ങളിലാണ് കിടക്കുന്നത്.അവശ്യ സർവീസല്ലാത്തതിനാൽ ഒരു പരിഗണനയും ലഭിക്കുന്നില്ല.

ലോക്ക്ഡൗൺ പ്രതിസന്ധി രൂക്ഷമാണ്. വാഹനങ്ങളൊന്നും സ്റ്റാ‌ർട്ട് ചെയ്തു നോക്കാൻ പോലും സാധിക്കുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. അനുഭാവ പൂ‌ർവമുള്ള നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അനിൽ വ‌ർഗീസ്,

സംസ്ഥാന ജന. സെക്രട്ടറി,

കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ,

ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോ.