കോലഞ്ചേരി: കാർഷിക മേഖലയുടെ നട്ടെല്ലായിരുന്ന വൃക്ഷ സുഗന്ധവിളയായ ജാതികൃഷിയും കർഷകരെ കൈവിടാനൊരുങ്ങുന്നു. ലോക്ക് ഡൗണും വേനൽ മഴയും ജാതി കർഷകരെ വൻ പ്രതിസന്ധിയിലാഴ്ത്തി. ആഭ്യന്തര, രാജ്യാന്തര വിപണികളിൽ വൻ ഡിമാന്റുണ്ടായിരുന്ന സുഗന്ധവിളയാണ് ജാതിക്കയും ജാതിപത്രിയും. 2018ലെ പ്രളയ ശേഷം ജാതിമരങ്ങൾ കായ്ഫലം തരുന്നില്ലെന്നാണ് കർഷകരുടെ പരാതി. കാലാവസ്ഥാ വ്യതിയാനത്തിൽ ഉത്പാദനം കുറഞ്ഞതോടെ കൃഷി മുന്നോട്ടു കൊണ്ടുപോകാനാവാത്ത അവസ്ഥയിലായിരുന്നു ജാതി കർഷകർ. അതിനിടെയാണ് പതിവില്ലാത്ത വിധമുള്ള തോരാ മഴയെ തുടർന്ന് കായ് പൊഴിച്ചിൽ പതിന്മടങ്ങായത്. ജാതിപത്രിയും,കായും മൂപ്പെത്തും മുമ്പെ പൊഴിഞ്ഞ് വീഴുകയാണ്. വെയിൽ ലഭിക്കാത്തതിനാൽ ശേഖരിക്കുന്ന കായ്കളും പത്രിയും ഉണക്കിയെടുക്കാനാകുന്നില്ല. ലോക്ക് ഡൗണിനെ തുടർന്ന് ശേഖരിച്ച കായ്കളും പത്രിയും കടയിൽ കൊണ്ടുപോയി വിറ്റഴിക്കാനുമാവുന്നില്ല. കർഷകരുടെ കൈവശം ക്വിന്റൽ കണക്കിന് കായും പത്രിയുമാണ് ഉണക്കിയെടുക്കാനാവാതെയും വിറ്റഴിക്കാനാവാതെയും നശിച്ചു കൊണ്ടിരിക്കുന്നത്. വെയിൽ കുറഞ്ഞതോടെ ഫംഗസ് ബാധിക്കുമെന്നതിനാൽ സൂക്ഷിച്ചു വെക്കാനാവില്ലെന്നതുകൊണ്ട് മറ്റ് പല കാർഷിക വിഭവങ്ങളും പോലെ ഇതും കുഴിച്ച് മൂടാൻ നിർബന്ധിതരാവുകയാണ് കർഷകർ. മരത്തിന്റെ ചുവട്ടിൽ വീഴുന്ന കായകൾ പറമ്പിൽ കിടന്ന് ചീയുന്നത് കൊതുകുകൾ പെരുകുന്നതിനും പകർച്ചവ്യാധികൾക്കും കാരണമാവും. മലഞ്ചരക്ക് സുഗന്ധവ്യഞ്ജന സംസ്‌കരണത്തേയും വിപണിയേയും കയറ്റുമതിയേയും ഈ സ്ഥിതിവിശേഷം ഗുരുതരമായി ബാധിക്കും. ലക്ഷക്കണക്കിന് തൊഴിൽ ദിനങ്ങളും കോടിക്കണക്കിന് വിദേശ നാണ്യവുമാണ് ഇതുമൂലം കേരളത്തിനും രാജ്യത്തിനും നഷ്ടമാവാൻ പോകുന്നത്. ഏലവും കാപ്പിയും കുരുമുളകും കഴിഞ്ഞാൽ കർഷകരുടെ പ്രധാന വരുമാന മാർഗ്ഗമായിരുന്നു ജാതി കൃഷി. 2018ലെ മഹാപ്രളയത്തിന് ശേഷമാണ് വിളവ് ക്രമാതീതമായി കുറഞ്ഞിരുന്നു. കാലാവസ്ഥ വ്യതിയാനത്തിൽ ജാതിമരങ്ങൾ പൂക്കുന്നുണ്ടെങ്കിലും കായ പിടിക്കുന്നില്ല. ഇതോടെ കൃഷി വൻ നഷ്ടത്തിലാണ്. ജാതി മരങ്ങൾ വെട്ടിമാറ്റി മറ്റ് കൃഷികളിലേക്ക് തിരിയാനൊരുങ്ങുകയാണ് മിക്ക കർഷകരും.