കോലഞ്ചേരി: കെ.എസ്.ഇ.ബി പുതുപ്പനം 66 കെ.വി സബ് സ്റ്റേഷനുചുറ്റും കാടുകയറിയത് ഭീതിപരത്തുന്നു. സമീപത്തെ വീടുകളിലേക്കുള്ള വൈദ്യുത ലൈനിലേക്ക് സബ്സ്റ്റേഷനുള്ളിലെ പുല്ലാന്തി വള്ളികൾ പടർന്നുകയറിയിട്ടുണ്ട്. സബ്‌സ്റ്റേഷന്റെ മതിൽ കാടു കയറിയും വള്ളികൾ വളർന്നും ഇടിഞ്ഞു വീഴാറായ അവസ്ഥയിലാണ്. സബ് സ്റ്റേഷനുള്ളിൽ ഓഫീസിരിക്കുന്ന ഇടമൊഴികെ ബാക്കിയുള്ള സ്ഥലമത്രയും കാടുകയറിയ അവസ്ഥയാണ്. അഞ്ചേക്കറോളം വരുന്ന സ്ഥലത്തിന്റെ രണ്ടേക്കറോളം മാത്രമാണ് ഉപയോഗത്തിലുള്ളത്. ബാക്കി പ്രദേശമാണ് കാടുകയറിക്കിടക്കുന്നത്. ഏറ്റവും കൂടുതൽ കരുതൽവേണ്ട സബ്‌സ്റ്റേഷൻ യന്ത്റങ്ങൾ ഇരിക്കുന്നിടത്താണ് കാടുവളരുന്നത്.
കോലഞ്ചേരിയിലുള്ള കെ.എസ്.ഇ.ബി.ഓഫീസ് നിലവിൽ വാടകക്കെട്ടിടത്തിലാണുള്ളത്. കാടുകയറി കിടക്കുന്ന സ്ഥലത്ത് കെട്ടിടം നിർമ്മിച്ചാൽ വൈദ്യുത ഓഫീസിന്റെ വാടകയും ലാഭിക്കാം. വലിയ മരങ്ങൾ ഒടിഞ്ഞുവീണ് അയൽവീടുകൾക്ക് കേടുപാടുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന്ചൂണ്ടിക്കാട്ടി നാട്ടുകാർ പരാതിയും നൽകിയിട്ടുണ്ട്.