ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ ഓഞ്ഞിത്തോടും മുപ്പത്തടം പമ്പിംഗ് സ്റ്റേഷന് സമീപവും മലിനജലം നീക്കുന്നതിന് ഭൂതത്താൻകെട്ട് ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറക്കേണ്ടിവരുമെന്ന് സ്ഥലം സന്ദർശിച്ച വിദഗ്ദ്ധ സമിതി വിലയിരുത്തി. മന്ത്രി പി. രാജീവിന്റെ നിർദ്ദേശപ്രകാരമാണ് വിവിധ വകുപ്പ് മേധാവികൾ ഇന്നലെ സ്ഥലം സന്ദർശിച്ചത്.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് പെരിയാറിന്റെ കൈവഴിയായ ഓഞ്ഞിത്തോടിലെയും പരിസരത്തെ പാടശേഖരങ്ങളിലെയും വെള്ളം കറുത്ത നിറത്തിൽ കണ്ടെത്തിയത്. നിരവധി മത്സ്യങ്ങൾ ചത്തുപൊങ്ങുകയും ചെയ്തു. സംഭവമറിഞ്ഞിട്ടും പി.സി.ബി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കാത്തതിനെ തുടർന്ന് ജനപ്രതിനിധികൾ മത്സ്യ ലാബിൽ നിന്നും ആളെയെത്തിച്ച് നടത്തിയ പരിശോധനയിൽ വെള്ളത്തിൽ ഓക്സിജൻ അളവ് കുറഞ്ഞതായി കണ്ടെത്തിയിരുന്നു. ആയിരക്കണക്കിന് ആളുകളുടെ കുടിവെള്ള സ്രോതസായ മുപ്പത്തടം ജലശുദ്ധീകരണ ശാലയ്ക്ക് സമീപമാണ് ഓഞ്ഞിത്തോട്ടിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത്. നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചതോടെയാണ് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി പി. രാജീവ് അടിയന്തരമായി സ്ഥലം സന്ദർശിക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചത്. ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ബി. സന്ധ്യ, അസി. എക്സിക്യൂട്ടീവ് എൻജിനിയർ പി.എ. മുഹമ്മദ്, ബിസ്മി ഷഫ്ന, ജയകൃഷ്ണൻ (വാട്ടർ അതോറിട്ടി), വിനയ് (പി.സി.ബി) എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ജലശുദ്ധീകരണ ശാലയുടെ പ്രവർത്തനം നിർത്തി
ആലുവ: ഓഞ്ഞിത്തോട്ടിൽ ഓക്സിജൻ നാമമാത്രമായ മലിനജലമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുപ്പത്തടം ജലശുദ്ധീകരണ ശാലയുടെ പ്രവർത്തനം ഇന്നലെ രാവിലെ മുതൽ താത്കാലികമായി നിറുത്തിവച്ചു. ഓഞ്ഞിത്തോട്ടിൽ നിന്നുള്ള വെള്ളം പെരിയാറിലേക്ക് കയറുന്നത് തടയണമെന്നാവശ്യപ്പെട്ട് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകി.