മൂവാറ്റുപുഴ: നിരവധിപേർ ആശ്രയിക്കുന്ന മൂവാറ്റുപുഴ പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൗസ് അധികാരികളുടെ കരുണതേടുന്നു. പുറമേ നിന്ന് നോക്കിയാൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് തോന്നുമെങ്കിലും വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാതെ പല മുറികളും ചോർന്നൊലിക്കുന്ന സ്ഥിതിയിലാണ്. ഫണ്ട് അനുവദിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും റസ്റ്റ് ഹൗസിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായില്ല.
അനക്കാതെ അഞ്ചുകോടി രൂപ
റസ്റ്റ് ഹൗസ് നവീകരിക്കാൻ കഴിഞ്ഞ സർക്കാരിന്റ കാലത്ത് 5 കോടി രൂപയാണ് അനുവദിച്ചത്. തുടർ നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ അനാസ്ഥ കാട്ടുകയാണ്. സമീപ പ്രദേശങ്ങളിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ മനോഹരമായി നവീകരിച്ചെങ്കിലും മൂവാറ്റുപുഴ റസ്റ്റ് ഹൗസിന് മാത്രം ശാപമോക്ഷമില്ല. പൊട്ടിത്തകർന്നുകിടക്കുന്ന റസ്റ്റ് ഹൗസ് നവീകരിക്കണമെന്ന ആവശ്യത്തെ തുടർന്ന് എൽദോ ഏബ്രഹാം ഇടപെട്ടാണ് റസ്റ്റ് ഹൗസ് പുതുക്കിപ്പണിയാൻ തുകഅനുവദിച്ചത്.
ആറു പതിറ്റാണ്ടുമുമ്പ് നിർമ്മിച്ച റസ്റ്റ്ഹൗസ് 90 കളിൽ നവീകരിച്ചിരുന്നു. എന്നാൽ റസ്റ്റ് ഹൗസിൽ കൃത്യമായി അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ ചോർന്നൊലിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി. അസൗകര്യങ്ങൾക്കും പരിമിതികൾക്കും നടുവിലാണ് റസ്റ്റ് ഹൗസ്. മുമ്പ് റസ്റ്റ് ഹൗസിൽ മാനേജർ തസ്തിക ഉണ്ടായിരുന്നെങ്കിലും ഇൗ തസ്തികയിൽ ജോലി ചെയ്തയാളെ ഇവിടെനിന്ന് മാറ്റിയിരുന്നു. കാന്റീൻ പ്രവർത്തനവും 4 വർഷം മുമ്പ് അവസാനിപ്പിച്ചു. ജീവനക്കാർക്ക് താമസിക്കാൻ ഒരുക്കിയിരുന്ന ക്വാർട്ടേഴ്സും റസ്റ്റ് ഹൗസിനു നഷ്ടമായി.