pineapple

കൊച്ചി: വിളവെടുപ്പ് സീസണിലും വിറ്റഴിക്കാൻ വഴിയില്ലാതെ ടൺകണക്കിന് പൈനാപ്പിൾ കൃഷിയിടത്തിൽ നശിക്കുന്നു. ഭൗമസൂചികാപദവിയുള്ള വാഴക്കുളം പൈനാപ്പിളിന് കിലോയ്ക്ക് പത്തു രൂപ പോലും വിലയില്ല. ചൂട് കനത്തതോടെ ഉത്തരേന്ത്യയിൽ വില നൂറ് കടന്നെങ്കിലും പൈനാപ്പിൾ എത്തിക്കാനാവുന്നില്ല. ഹോർട്ടികോർപ്പ് സംഭരണം ആരംഭിച്ചെങ്കിലും താങ്ങുവില നിശ്ചയിക്കാതെ പ്രയോജനം ലഭിക്കില്ലെന്ന് കർഷകർ പറയുന്നു.

കൊവിഡ് രൂക്ഷമാകുകയും ലോക്ക്ഡൗൺ നീണ്ടതുമാണ് കർഷകർക്ക് തിരിച്ചടിയായത്. ആവശ്യക്കാരില്ലാത്തതിനാൽ വിളവെടുക്കാതെ തോട്ടങ്ങളിൽ നശിക്കുകയാണ്. കഴിഞ്ഞ സീസണിൽ കിലോയ്ക്ക് വില 40 രൂപ വരെയുണ്ടായിരുന്നു. ഇപ്പോൾ പഴുത്ത പൈനാപ്പിളിന് 10 രൂപ പോലും വിലയില്ല. പഴുക്കാത്ത പൈനാപ്പിളിന് വാഴക്കുളത്ത് 16 രൂപ വരെയാണ് ലഭിച്ചത്. പ്രതിദിനം 900 ടൺ കയറ്റിവിട്ടിരുന്നിടത്ത് 30 ടണ്ണാണ് വിൽക്കപ്പെടുന്നത്.

ലോക്ക്ഡൗണിൽ ട്രക്ക് ഗതാഗതം തടസപ്പെട്ടതാണ് പ്രധാന തിരിച്ചടി. പഴുക്കാൻ ഒരാഴ്ച ആവശ്യമുള്ള പൈനാപ്പിളാണ് ഡൽഹി, മുംബെയ് തുടങ്ങിയ നഗരങ്ങളിലേക്ക് ട്രക്കുകളിൽ അയച്ചിരുന്നത്. ലക്ഷ്യത്തിലെത്തുമ്പോൾ പഴുക്കുന്നതിനാൽ ഉടൻ വില്പനയ്ക്കിറക്കാം. ലോക്ക്ഡൗൺ മൂലം ഒരാഴ്ച കൊണ്ട് ട്രക്കുകൾ ഓടിയെത്തുന്നില്ല. കയറ്റിവിടാൻ കഴിയാതെ കെട്ടിക്കിടക്കുന്ന പൈനാപ്പിളിന് ഇതോടെ വില കുത്തനെയിടിഞ്ഞു.

ഡിമാൻഡ് ഉണ്ടായിട്ടും

വിൽക്കാനാവുന്നില്ല

ഒന്നരക്കിലോ പൈനാപ്പിളിന് നൂറു രൂപയാണ് ഡൽഹിയിലെ വില. 60-70 ലോഡാണ് ഇപ്പോൾ പോകുന്നത്. തടസങ്ങളില്ലാതെ, ട്രക്കുകൾ ലക്ഷ്യങ്ങളിലെത്തിയാൽ കർഷകർക്ക് ന്യായവില ലഭിക്കും. ഉത്തരേന്ത്യയിൽ നിന്ന് അന്വേഷണങ്ങളുണ്ടെങ്കിലും ചരക്കെത്തിക്കാനാവാത്ത സ്ഥിതിയാണിപ്പോൾ.

സംഭരണത്തിന് പരിമിതി

സർക്കാർ നിർദേശപ്രകാരം ഹോർട്ടികോർപ്പും നടൂക്കര അഗ്രോ പ്രേസസിംഗ് കമ്പനിയും രണ്ടുദിവസം കൊണ്ട് 31 ടൺ സംഭരിച്ചു. നടൂക്കര കമ്പനിയിൽ പരമാവധി 50 ടൺ സംസ്‌കരിക്കാനേ കഴിയൂ. നിയന്ത്രണങ്ങളും തൊഴിലാളികളുടെ കുറവും മൂലം സംഭരിക്കാനും സംസ്‌കരിക്കാനും പരിമിതിയുണ്ട്.

കൃഷിയും അവതാളത്തിൽ

വിളവെടുത്തശേഷം അടുത്ത കൃഷിക്ക് ഒരുങ്ങേണ്ട സമയമാണിത്. വിളവെടുക്കാനും കള പറിക്കാനും നിലമൊരുക്കാനും തൊഴിലാളികൾക്കും ക്ഷാമമുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങിയതും തിരിച്ചടിയായി. വായ്പയെടുത്ത് കൃഷി ചെയ്തവർക്ക് നഷ്ടം മൂലം കൃഷിയിറക്കാൻ കഴിയാത്തത് ഉത്പാദനം കുറയാനും ഇടവരുത്തും. അരലക്ഷം ഏക്കറിലാണ് പൈനാപ്പിൾ കൃഷി. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് കൃഷി കൂടുതൽ.

''പ്രതിദിനം ആയിരം ടണ്ണോളം വിളവെടുക്കേണ്ട സമയമാണിത്. ഉത്തരേന്ത്യയിൽ പൈനാപ്പിൾ എത്തിക്കാൻ വഴിയൊരുക്കുകയാണ് അടിയന്തരമായി സർക്കാർ ചെയ്യേണ്ടത്. സർക്കാർ സംഭരണവും നാമമാത്രമാണ്""

ജയിംസ് ജോർജ്,

പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷൻ