nagarasabha
വനം വകുപ്പും മൂവാറ്റുപുഴ നഗരസഭയും സംയുക്തമായി നടപ്പാക്കുന്ന ' നഗരത്തിൽ ഒരു കുട്ടിവനം ' പദ്ധതിക്കായി നഗരസഭയുടെ ഡ്രീം ലാന്റ് പാർക്കിലെ സ്ഥലം ഒരുക്കൽ നഗരസഭ ചെയർമാൻ പി.പി.എൽദോസിന്റെ നേതൃത്വത്തിൽ നടത്തുന്നു

മൂവാറ്റുപുഴ: വനം വകുപ്പും മൂവാറ്റുപുഴ നഗരസഭയും സംയുക്തമായി നടപ്പാക്കുന്ന ' നഗരത്തിൽ ഒരു കുട്ടിവനം ' പദ്ധതിക്ക് തുടക്കമായി. മൂവാറ്റുപുഴ നഗരസഭ ഡ്രീം ലാന്റ് പാർക്കിലാണ് കുട്ടിവനം ഒരുക്കുന്നത്. വനവൽകരണത്തിനായി പാർക്കിലെ എട്ട് സെന്റ് സ്ഥലം നഗരസഭ വനം വകുപ്പിന് താത്കാലികമായി വിട്ട് നൽകിയിട്ടുണ്ട്. ഇവിടെ ഇന്നലെ മുതൽ വൃക്ഷ തൈകൾ നടുന്നതിനുളള പ്രവർത്തനം ആരംഭിച്ചു. നഗരവനം പദ്ധതിയുടെ ഭാഗമായണ് അഗോള തലത്തിൽ ശ്രദ്ധ നേടിയ മിയാവാക്കി പദ്ധതിക്ക് തുടക്കം കുറിച്ചത്.

വിവിധ ഇനത്തിൽപ്പെട്ട 1200 വൃക്ഷതൈകളാണ് ഇവിടെ നട്ടു പരിപാലിക്കുന്നത്. രണ്ടോ മൂന്നോ വർഷം കൊണ്ട് നിത്യ ഹരിത വനമായി മാറുന്നതാണ് മിയാവാക്കി. ആദ്യ 3 വർഷത്തെ പരിചരണം വനം വകുപ്പും തുടർന്നുളള പരിചരണം നഗരസഭയും ചെയ്യും.3.5 ലക്ഷം രൂപയാണ് പദ്ധതിക്ക് ഒന്നാം ഘട്ടമായി ഈ വർഷം വനം വകുപ്പ് വകയിരുത്തിയിട്ടുള്ളത്. ഇക്കോ ടൂറിസം ഹെഡിലാണ് തുക അനുവദിച്ചിട്ടുള്ളത്. ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് പ്രവർത്തനം പുർത്തിയാക്കി ഔദ്യോഗിക ഉദ്ഘാടനം നടത്തും. നഗരസഭ ചെയർമാൻ പി.പി. എൽദോസ്, വൈസ് ചെയർപഴ്‌സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അജി മുണ്ടാട്ട്, ജോസ് കുര്യാക്കോസ്, നിസ അഷറഫ്, രാജശ്രീ രാജു, പ്രതിപക്ഷ നേതാവ് ആർ. രാകേഷ്, കൗൺസിലർമാരായ ജോയ്‌സ് മേരി, ജോളി ജോർജ്. ജിനു ആന്റണി, കോതമംഗലം ഡി.എഫ്.ഒ. എം.വി.ജി. കണ്ണൻ , കോതമംഗലം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ.തമ്പി , ഡെപ്യൂട്ടി റെയിഞ്ചർ ഇ.ആർ ലവകുമാർ , ഫോറസ്റ്റർ എം.സി. സന്തോഷ് എന്നിവർ നേതൃത്വം നൽകി.