covid19
കൊവിഡ് ബാധിതർക്കും ക്വാറന്റൈനിലിരിക്കുന്നവർക്കും ആശ്വാസമായി ഓട്ടോറിക്ഷയെ കരുതലിന്റെ വണ്ടിയാക്കി മാറ്റിയ മാറാടിക്കാരുടെ കൊവിഡ് പോരാളി ബിജു അപ്പൂസ്

മൂവാറ്റുപുഴ: കൊവിഡ് മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിലും കരുതലിന്റെ കരസ്പർശവുമായി ഒപ്പമുണ്ട് മാറാടിയിലെ ബിജു അപ്പൂസ്. മാറാടി പുതുശേരികുടിയിൽ ബിജു അപ്പൂസ് എന്ന ഓട്ടോ ഡ്രൈവറാണ് തന്റെ ഓട്ടോറിക്ഷയിൽ കഴിഞ്ഞ ഒരുവർഷമായി കൊവിഡ് രോഗികളുമായി സവാരി ചെയ്യുന്നത്. ഇതുവരെ ഇരുന്നൂറ്റി അമ്പതോളം കൊവിഡ് രോഗികളെയാണ് ബിജുവിന്റെ ഓട്ടോയിൽ ആശുപത്രിയിൽ എത്തിച്ചത്.

എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നതിനും ക്വാറന്റൈനിൽ ഇരിക്കുന്ന കുട്ടികളെ പഞ്ചായത്തിന് പുറത്തുള്ള സ്കൂളുകളിലേക്ക് എത്തിക്കുന്നതിനും തിരികെ വീട്ടിൽ എത്തിക്കുന്നതിനും മുൻ നിരയിലായിരുന്നു. കൊവിഡ്ബാധിതർക്ക് ആശ്വാസമാണ് ബിജുവിന്റെ പ്രവർത്തനം. കൊവിഡ് പരിശോധനയ്ക്കായി ദിവസേന പതിനഞ്ചിലധികം ആളുകളെ ആശുപത്രികളിലെത്തിക്കാറുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ ഒരു കൊവിഡ് രോഗിക്കുണ്ടായ നിസ്സഹായത കണ്ടറിഞ്ഞ നിമിഷം മുതലാണ് കൊവിഡ് ബാധിതർക്ക് കൈത്താങ്ങാകാൻ ബിജു ഉറപ്പിക്കുന്നത്.

ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ പൂർണ സഹകരണത്തോടെ ബിജുവിന്റെ ഒാട്ടോറിക്ഷയിൽ യാത്രക്കാർക്ക് പൊലീസ് തയ്യാറാക്കിയ മാതൃകാ സത്യവാങ്മൂലത്തിന്റെ പ്രിന്റൗട്ട്, ഹോമിയോ പ്രതിരോധ മരുന്നുകൾ, ഡിസ്പോസിബിൾ മാസ്ക്, പൾസ് ഓക്സി മീറ്റർ തുടങ്ങിയവയുണ്ട്. കൊവിഡ് വാക്സിന് രജിസ്ട്രേഷനും സഹായിക്കും. വീട്ടിൽ സഹായിക്കാൻ ആളില്ലാത്തവർക്ക് മരുന്നും ഭക്ഷണസാധനങ്ങളും കടകളിൽനിന്നുംവാങ്ങി വീട്ടിലെത്തിക്കും. അതിന്റെ തുകമാത്രം നൽകിയാൽ മതി. ഇത്തരം പ്രവർത്തനങ്ങൾക്ക് നാട്ടുകാരുടെ പൂർണപിന്തുണ ലഭിക്കുന്നുണ്ടെന്ന് ബിജു പറഞ്ഞു.