ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ പറഞ്ഞു. കഴിഞ്ഞയാഴ്ച്ചയിലെ പരിശോധന പ്രകാരം ജില്ലാ കളക്ട്രേറ്റിൽ നിന്നും ലഭിച്ച കണക്കനുസരിച്ച് കടുങ്ങല്ലൂരിൽ 50 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കായിരുന്നു.

ഇതേതുടർന്ന് പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനും കൊവിഡ് പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കാനും കളക്ടർ നിർദ്ദേശം നൽകിയിരുന്നു. ഇന്നലെ പടിഞ്ഞാറെ കടുങ്ങല്ലൂരിൽ നടന്ന കൊവിഡ് പരിശോധനയിൽ 240 പേർ പങ്കെടുത്തു. 246 പേർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും 94 പേർക്ക് ആന്റിജൻ പരിശോധനയുമാണ് നടത്തിയത്. ആന്റിജൻ പരിശോധന നടത്തിയവരിൽ 33 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആർ.ടി.പി.സി.ആർ പരിശോധന ഫലം ഇന്ന് ലഭിക്കും. ജൂൺ രണ്ട് വരെയുള്ള ദിവസങ്ങളിൽ വിവിധ വാർഡുകളിലായി മെഗാ പരിശോധന ക്യാമ്പുകൾ നിശ്ചയിച്ചിട്ടുണ്ട്. ഇന്ന് മുപ്പത്തടം സ്കൂളിലാണ് ക്യാമ്പ്.

ജനങ്ങളുമായി കൂടുതൽ ബന്ധമുള്ള കച്ചവടക്കാർ, ഡ്രൈവർമാർ, പെതുപ്രവർത്തകർ എന്നിവരെയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. എടയാർ മേഖലയിലെ വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിലാണ് രോഗം കൂടുതലായി വ്യാപിച്ചതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. കഴിഞ്ഞ ഒരാഴ്ച്ചയിലെ കണക്കുകൾ പ്രകാരം തിങ്കളാഴ്ച്ച പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലെന്ന് ജില്ലാ കളക്ടർ പ്രഖ്യാപിക്കുമ്പോൾ അന്നേ ദിവസം നടത്തിയ പരിശോധനയിൽ 38 ശതമാനമായിരുന്നുവെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ജില്ലയിൽ ഏറ്റവും അധികം പേർ വാക്സിൻ സ്വീകരിച്ച പഞ്ചായത്തും കടുങ്ങല്ലൂർ ആണെന്നും പ്രസിഡന്റ് അറിയിച്ചു.

 നടപടിയുമായി റൂറൽ ജില്ലാ പൊലീസ്

കടുങ്ങല്ലൂരിലെ രോഗവ്യാപന നിരക്ക് കുറയ്ക്കുന്നതിന് നടപടിയുമായി റൂറൽ ജില്ലാ പൊലീസ് നിരത്തുകളിൽ സജീവമായി. പഞ്ചായത്തിന്റെ അതിർത്തികൾ പൊലീസ് അടച്ചുകെട്ടി. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് സ്ഥലം സന്ദർശിച്ചു. ഇടറോഡുകളും അടച്ചിട്ടുണ്ട്. ക്വാറന്റൈൻ ചെക്കിംഗിന് രണ്ട് പേരടങ്ങുന്ന നാല് ബൈക്ക് പട്രോളിംഗ് സംഘത്തെയും നിയോഗിച്ചു. ഇവർ ക്വാറന്റൈനിൽ കഴിയുന്നവരെ സന്ദർശിക്കുകയും, അവർ നിരീക്ഷണത്തിൽത്തന്നെ കഴിയുകയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇവർക്ക് മരുന്നോ മറ്റ് വസ്തുക്കളോ ആവശ്യമെങ്കിൽ അതും എത്തിച്ചു നൽകുന്നുണ്ടെന്ന് എസ്.പി. കെ. കാർത്തിക്ക് പറഞ്ഞു. കൂടാതെ ഒരു മൊബൈൽ ബീറ്റും പടോളിംഗ് നടത്തുന്നു.

സന്നദ്ധ സംഘടനകളുമായി ചേർന്ന് പഞ്ചായത്തിൽ ഭക്ഷണ സാധനങ്ങളുടെ വിതരണവും നടത്തുന്നു. പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടേയും നിർദേശങ്ങൾ പാലിച്ചാൽ വേഗത്തിൽ വ്യാപന നിരക്ക് കുറക്കാൻ കഴിയും.

കെ. കാർത്തിക്ക്

എസ്.പി.