പെരുമ്പാവൂർ: ലോക്ക്ഡൗണിനെത്തുടർന്ന് തൊഴിലില്ലാതെ വാടകമുറികളിൽ കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണംചെയ്തു. അരിയും പലവ്യഞ്ജനങ്ങളും അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്തത്. വെങ്ങോല പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായി ആയിരത്തിലധികം കുടുംബങ്ങൾക്ക് കിറ്റ് നൽകി. ആധാർ കാർഡിന്റെ അടിസ്ഥാനത്തിലായിരുന്നു കിറ്റ് വിതരണം. വെങ്ങോലയിൽ നടന്ന വിതരണം സഹകരണ ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.ഇ. നൗഷാദ്, പഞ്ചായത്ത് സെക്രട്ടറി കെ.എം. മുഹമ്മദ്, സി.വി. ഐസക്ക്, അസിസ്റ്റന്റ് ലേബർ ഓഫീസർ ജയകുമാർ, റിട്ട. ജില്ലാലേബർ ഓഫീസർ സി.എസ്. നാസറുദ്ദീൻ,​ കെ.എ.എ സലാം, ജുബൈരിയ ഐസക്ക് എന്നിവർ നേതൃത്വം നൽകി.