പെരുമ്പാവൂർ: ലോക്ക്ഡൗണിലും വീട്ടുപടിക്കൽ ഓടിയെത്തി സേവനം ചെയ്യുന്ന ആശാ വർക്കർമാർ, പോസ്റ്റ്മാൻമാർ, പാലിയേറ്റീവ് വാഹന ഡ്രൈവർമാർ, നഴ്സുമാർ എന്നിവരോടുള്ള ആദരസൂചകമായി നെടുങ്ങപ്ര സർവീസ് സഹകരണബാങ്ക് ആരോഗ്യസംരക്ഷണ സഹായക്കിറ്റ് നൽകി. കൂവപ്പടി ബ്ലോക്ക് എച്ച്.എസ് രാധാകൃഷ്ണൻ കെ.എൻ വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. റൈജു വർഗീസ് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് സായി പുല്ലൻ, ഭരണസമിതി അംഗങ്ങളായ വി.സി. രവി, അശ്വരാജ് പോൾ, എൽദോ കെ. ചെറിയാൻ, എൽദോസ് ടി.എം, കെ.കെ. മോഹനൻ, ജോസഫ് മത്തായി, ജിനോജ് സാജൻ, ജോവിറ്റ് പുല്ലൻ, ശോഭന വിജയകുമാർ, സിനി കുര്യാക്കോസ്, സൗമ്യ ഐജി, സെക്രട്ടറി ഇൻ ചാർജ് ബിജു എം. ജേക്കബ് എന്നിവർ സംബന്ധിച്ചു.

സാനിറ്റൈസർ ബോട്ടിലുകൾ, 100 മാസ്കുകൾ, 100 ഗ്ളൗസുകൾ, ഫേസ് ഷീൽഡുകൾ, ഹാൻഡ് വാഷ് ബോട്ടിൽ എന്നിവ അടങ്ങിയതാണ് കിറ്റ്. ബാങ്കിന്റെ പ്രവർത്തന പരിധിയിൽപ്പെട്ട വ്യക്തികൾക്കാണ് കിറ്റ് നൽകിയത്.