പെരുമ്പാവൂർ: ഭൂരിപക്ഷം പഞ്ചായത്തുകളും കണ്ടെയ്ൻമെന്റ് സോണുകളായ കുന്നത്തുനാട് താലൂക്കിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പെരുമ്പാവൂർ മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രി , ചീഫ് സെക്രട്ടറി, ജില്ലാകളക്ടർ എന്നിവർക്ക് നിവേദനം നൽകി. പെരുമ്പാവൂർ താലൂക്ക് ഹോസ്പിറ്റലിനോട് ചേർന്ന് അടഞ്ഞുകിടക്കുന്ന ലക്ഷ്മി ഹോസ്പിറ്റലിൽ വിശാലമായ സൗകര്യമുണ്ടായിട്ടും ഭാഗികമായി ഒ.പി.മാത്രം പ്രവർത്തിക്കുന്ന മൗണ്ട് സീനായി ഹോസ്പിറ്റലും കൊവിഡ് ചികിത്സക്കായി ഉപയോഗപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ഷിഹാബ് വല്ലം അദ്ധ്യക്ഷനായി. നിഷാദ് വള്ളൂരാൻ , പ്രൊഫ.അനസ്, യൂസഫ് ചാമക്കാടി,വിൽസൺ പാലയ്ക്കാപിള്ളി തുടങ്ങിയവർ സംസാരിച്ചു.