പെരുമ്പാവൂർ: രായമംഗലം ഗ്രാമപഞ്ചായത്ത് 20 വാർഡുകളിലേയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പഞ്ചായത്തിൽ കേന്ദ്രീകൃത വാർറൂമും 20 വാർഡുകളിലും വാർഡുതല വാർറൂമുകളും ആരംഭിച്ചു. വാർറൂമിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ നിർവഹിച്ചു. ടെലി മെഡിസിൻ, കൊവിഡ് വിവരങ്ങൾ ദൈനംദിന വിലയിരുത്തൽ, ആംബുലൻസ് സേവനം, ഭക്ഷണം ലഭ്യമാക്കൽ, കൊവിഡ് ടെസ്റ്റ്, വാക്‌സിനേഷൻ, അടിയന്തര സാഹചര്യത്തിൽ പി.പി.ഇ കിറ്റ് അടക്കളുള്ള പ്രതിരോധ സാമഗ്രികൾ ലഭ്യമാക്കൽ തുടങ്ങി എല്ലാ കാര്യങ്ങളുടെയും ഏകോപനം വാർറൂംവഴി ആയിരിക്കും. വാർഡ്തലത്തിൽ ഒാരോ വാർഡിലും ഒരു കോ ഓർഡിനേറ്റർ ഉൾപ്പെടെ 6 ജീവനക്കാരുടെ സേവനം വാർഡ് ജാഗ്രതാസമിതിക്ക് ലഭ്യമാകും. അദ്ധ്യാപകരും സർക്കാർ ജീവനക്കാരും അടക്കം 150 പേരോളം വാർറൂമുകളുടെ പ്രവർത്തനത്തിന് പഞ്ചായത്തിലാകെ ഉണ്ടാകും.