കൊച്ചി: ലക്ഷദ്വീപ് നിവാസികളുടെ സംസ്കാരത്തിന് മേലുള്ള കടന്നുകയറ്റമാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടത്തുന്നതെന്ന് ഹൈബി ഈഡൻ എം.പി. പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളെ നിഷ്‌ക്രിയമാക്കി പുതിയ നയങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോൾ പരിപൂർണമായി ലംഘിച്ചത് മൂലം ഒരു കൊവിഡ് കേസ് പോലുമില്ലാതിരുന്ന ലക്ഷദ്വീപിൽ അറുപത് ശതമാനത്തിനു മേലാണ് പോസിറ്റിവിറ്റി നിരക്ക്. മദ്യരഹിത സംസ്‌ഥാനമായ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി കൂടിയായിരുന്ന പ്രഫുൽ പട്ടേൽ ലക്ഷദ്വീപിൽ മദ്യശാലകൾ തുറക്കാൻ തീരുമാനമെടുത്തത് ദുരൂഹമാണ്. ഗുണ്ടാ ആക്ട് നടപ്പാക്കാൻ ശ്രമിക്കുന്നതും ദുരൂഹമാണ്. അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കറുത്ത തുണി കൊണ്ട് കൈകൾ ബന്ധിച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, യൂത്ത് കോൺഗ്രസ് നാഷണൽ കോർഡിനേറ്റർ ദീപക് ജോയ് തുടങ്ങിയവർ പങ്കെടുത്തു.