കൊച്ചി: കൊവിഡ് പ്രതിസന്ധിക്കിടയിലും പെൺകരുത്തിൽ നിന്ന് ഊർജമുൾക്കൊണ്ട് കുടുംബശ്രീ ജനകീയഹോട്ടൽ ശൃംഖല സംസ്ഥാനമാകെ പടർന്നുപന്തലിക്കുന്നു. 2020-21 സാമ്പത്തിക വർഷം 1000 ജനകീയ ഹോട്ടലുകളാണ് സർക്കാർ ലക്ഷ്യമിട്ടതെങ്കിലും മാർച്ച് 31ന് മുമ്പ് 1007 ൽ എത്തിയ സംരംഭം ഇപ്പോൾ 1066 ഉം കടന്ന് മുന്നേറുകയാണ്.
ഈ ലോക്ക്ഡൗൺ കാലത്തും 20 രൂപ നിരക്കിൽ ശരാശരി 80,000 പൊതിച്ചോറാണ് ജനകീയ ഹോട്ടലുകളിൽ നിന്ന് പ്രതിദിനം വിതരണം ചെയ്യുന്നത്. പുറമേ, കൊവിഡ് സ്ഥിരീകരിച്ചും നിരീക്ഷണത്തിലുമായി വീടുകളിൽ കഴിയുന്ന പതിനായിരങ്ങൾക്ക് പാഴ്സലും എത്തിക്കുന്നുണ്ട്. 4000-ാളം കുടുംബങ്ങളുടെ സ്ഥിരം വരുമാനമാർഗമാണിത്. ഓരോ യൂണിറ്റിലും മൂന്നു മുതൽ 10 വരെ സ്ത്രീകളാണ് ജോലിക്കാർ. മേയ് 23 വരെയുള്ള കണക്കനുസരിച്ച് ജനകീയ ഹോട്ടലുകളിൽ 886 എണ്ണം ഗ്രാമങ്ങളിലും 180 എണ്ണം നഗരപ്രദേശങ്ങളിലുമാണ്.
 സഹായം പലവിധം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഹോട്ടലുകൾ ആരംഭിക്കുന്നത്. കെട്ടിടം, ഫർണിച്ചർ, വൈദ്യുതി, വെള്ളം തുടങ്ങിയവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകും. പ്രത്യേക പെർമിറ്റിന്റെ അടിസ്ഥാനത്തിൽ സിവിൽസപ്ലൈസ് വകുപ്പിൽ നിന്ന് സബ്സിഡി നിരക്കിൽ അരിയും നൽകും.
 10 രൂപ സബ്സിഡി
ജനകീയ ഹോട്ടലുകളിൽ നിന്ന് 20 രൂപനിരക്കിൽ നൽകുന്ന ഓരോ പൊതിച്ചോറിനും 10 രൂപവീതം കുടുംബശ്രീയിൽ നിന്ന് സംരംഭകർക്ക് സബ്സിഡി ലഭിക്കും.
 3,968 തൊഴിലാളികൾ
കൊവിഡ് പ്രതിസന്ധികൾക്കിടയിലും ഈ പദ്ധതി ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു.
എൻ.എച്ച്.ജി അംഗങ്ങളുടെയും സംരംഭകരുടെയും കാര്യക്ഷമതയാണ് ജനകീയ ഹോട്ടൽ ഇത്രമേൽ വിജയകരമാക്കിയത്.
- അഖില ദേവി, പ്രോഗ്രാം മാനേജർ, കുടുംബശ്രീ മിഷൻ.