ആലുവ: വികസനത്തിന്റെ പുകമറയിൽ ലക്ഷദ്വീപിന്റെ സ്വത്വം നശിപ്പിക്കാനാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റർ ശ്രമിക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ സാന്നിദ്ധ്യത്തിൽ ആലുവ പാലസിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു നാടിന്റെ പാരമ്പര്യത്തിനും പൈതൃകത്തിനും അനുസൃതമായ വികസനമാണ് നടപ്പാക്കേണ്ടത്. എന്നാൽ അതിന് വിരുദ്ധമായി കോർപ്പറേറ്റ് താത്പര്യമാണ് അഡ്മിനിസ്‌ട്രേറ്റർ നടപ്പാക്കാൻ ശ്രമിക്കുന്നത്.
ദ്വീപ് നിവാസികൾക്ക് വർജ്ജ്യമായ മദ്യം യഥേഷ്ടം നൽകാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ലക്ഷദ്വീപ് കേരളത്തിന്റെയും കേരളം ലക്ഷദ്വീപിന്റെയും ഭാഗമാണ്. ദ്വീപിന്റെ വേദന കേരളത്തിന്റേത് കൂടിയാണ്. അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും പുതിയ നിയമങ്ങൾ റദ്ദാക്കണമെന്നുമാണ് എൻ.സി.പി ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം ശക്തമായ സമരം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
1987മുതൽ ലക്ഷദ്വീപിലെ ജനവാസമില്ലാത്ത മേഖലകളിൽ ഹോട്ടലിൽ മദ്യ വിൽപ്പനയുണ്ടെന്നും എന്നാൽ ജനവാസ മേഖലയിലെ ഹോട്ടലുകളിൽ മദ്യം വിൽക്കാനുള്ള നീക്കത്തെയാണ് എതിർക്കുന്നതെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു. അമുൽ ഉത്പന്നങ്ങൾ നിലവിൽ ദ്വീപിൽ വിൽക്കുന്നുണ്ട്. എന്നാൽ അടിച്ചേൽപ്പിക്കാനുള്ള അഡ്മിനിസ്‌ട്രേറ്ററുടെ മനോഭാവത്തെയാണ് ദ്വീപ് നിവാസികൾ എതിർക്കുന്നത്. നേരത്തെ ബി.ജെ.പി നിയമിച്ച അഡ്മിനിസ്ട്രേറ്റർമാർ കൂടിയാലോചനകളിലൂടെയാണ് പരിഷ്കാരങ്ങൾ നടപ്പാക്കിയിരുന്നത്. അതിന് വിരുദ്ധമായ നടപടിയാണ് ഇപ്പോഴത്തേതെന്നും എം.പി പറഞ്ഞു.