kerala

 കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഇടപെടൽ അനുഗ്രഹമായി

 ആശുപത്രി ബിൽ ഇന്ത്യൻ എംബസിയും ഗുജറാത്ത് സ്വദേശിയായ വ്യവസായിയും ചേർന്ന് അടച്ചു

 ഭൂകമ്പ ഭീതി നിലനിൽക്കുന്ന സ്ഥലത്ത് നിന്നും സുരഷിതമായ ആശുപത്രിയിലേക്ക് മാറ്റി

 'കേരളകൗമുദി' വാർത്തയെ തുടർന്ന് വേൾ‌ഡ് മലയാളി ഫെഡറേഷൻ 2000 ഡോളർ നൽകി

നെടുമ്പാശേരി: ആഫ്രിക്കയിലെ കോംഗോയിൽ മസ്തിഷ്‌ക രക്തസ്രാവത്തെത്തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ വിഷമിച്ച മലയാളിക്ക് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഇടപെടലുകളെ തുടർന്ന് താത്കാലികാശ്വാസം. ഇതേതുടർന്ന് ഉരുൾപൊട്ടലും ഭൂകമ്പ ഭീതിയും നിലനിൽക്കുന്ന പ്രദേശത്തെ ആശുപത്രിയിൽ നിന്ന് യുവാവിനെ 550 കിലോമീറ്റർ അകലെ സുരക്ഷിത കേന്ദ്രത്തിലെ ആശുപത്രിയിലേക്ക് ഇന്ന് രാവിലെ എത്തിച്ചു.

ആലുവ കുറുമശേരി ചൂപ്രത്തുവീട്ടിൽ അനിൽകുമാറിനും (45) കുടുംബത്തിനുമാണ് ഇതോടെ താത്കാലിക ആശ്വാസമാത്. പരിസരപ്രദേശങ്ങളിൽ ശക്തമായ ഭൂകമ്പമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ നിന്നും രോഗികളെയെല്ലാം ഒഴിപ്പിച്ചപ്പോൾ അനിൽകുമാറിനെ പണം അടക്കാൻ നിർവാഹമില്ലാത്തതിനാൽ മാറ്റിയിരുന്നില്ല. ഈ ഘട്ടത്തിൽ ആശുപത്രിയിൽ നാല് ലക്ഷത്തോളം രൂപ അടക്കാനുണ്ടായിരുന്നു. ഈ തുകയാണ് മന്ത്രി വി. മുരളീധരന്റെ ഇടപെടലിനെ തുടർന്ന് ഇന്ത്യൻ എംബസിയും ഗുജറാത്ത് സ്വദേശിയായ വ്യവസായ കേതൻ കൊട്ടാച്ചയും ചേർന്ന് അടച്ചത്. ഇതിനിടെ 'കേരളകൗമുദി' വാർത്തയെ തുടർന്ന് വേൾഡ് മലയാളി ഫെഡറേഷനും സഹായവുമായെത്തിയത് ആശ്വാസമായി.

വയറിംഗ് തൊഴിലാളിയായിരുന്ന അനിൽകുമാർ രണ്ടുമാസം മുമ്പാണ് കോംഗോയിൽ ജോലിക്കെത്തിയത്. മൂന്ന് മലയാളി തൊഴിലാളികൾ ആരംഭിച്ച സംരംഭത്തിലെ ഏക ജീവനക്കാരനായിരുന്നു. അതിനാൽ സ്ഥാപന ഉടമകളുടെ കൈവശവും ചികിത്സക്കാവശ്യമായ പണമുണ്ടായിരുന്നില്ല. ജോലിയാരംഭിച്ച് കുറച്ചുദിവസം കഴിഞ്ഞപ്പോൾ മസ്തിഷ്‌ക രക്തസ്രാവമുണ്ടായി. ആലുവയിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ ഭാര്യ യമുനയും സ്‌കൂൾ വിദ്യാർത്ഥികളായ രണ്ടുകുട്ടികളും അടങ്ങുന്നതാണ് അനിലിന്റെ കടുംബം. ഇതേതുടർന്ന് സഹായംതേടി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന് കുടുംബം നിവേദനം നൽകിയത് 'കേരളകൗമുദി ഫ്ളാഷ്', 'കേരളകൗമുദി' എന്നിവ ചിത്രം സഹിതം വാർത്ത നൽകി.

ചികിത്സയിലിരിക്കെ ആശുപത്രി പരിസരത്ത് ഭൂകമ്പവും ഉരുൾപൊട്ടലും ഉണ്ടായത് അനിൽകുമാറിന്റെ ദുരിതം ഇരട്ടിയാക്കി. ആശുപത്രി മാറ്റിയതോടെ ഇതിനും ആശ്വാസമായി.

 'കേരളകൗമുദി' വാർത്തയും തുണയായി

'കേരളകൗമുദി' വാർത്ത അവധിക്ക് നാട്ടിലെത്തിയ മലയാളി ഫെഡറേഷൻ കോംഗോ യൂണിറ്റ് കോർഡിനേറ്റർ തൃശൂർ സ്വദേശി സുജേഷിന്റെ ശ്രദ്ധയിൽപ്പെട്ടു. വിവരം റീജണൽ കമ്മിറ്റി സെക്രട്ടറി ഓമനക്കുട്ടന് കൈമാറി. തുടർന്ന് ആദ്യഘട്ടമെന്ന നിലയിൽ 2000 ഡോളർ ശേഖരിച്ച് അനിലന്റെ കൂടെ നിൽക്കുന്ന പെരുമ്പാവൂർ സ്വദേശിയായ ഭാർഗവനെ ഏൽപ്പിച്ചതായി ഓമനക്കുട്ടൻ അറിയിച്ചു. 12 മണിക്കൂറോളം കപ്പൽ യാത്ര നടത്തി ബുക്കാവോ എന്ന സ്ഥലത്തെ ആശുപത്രിയിലേക്കാണ് അനിലിനെ തുടർ ചികിത്സക്കായി മാറ്റിയത്. ഇവിടെയും ആശുപത്രി ചെലവിന് ലക്ഷങ്ങൾ വേണ്ടിവരും. അനിലിന്റെ ആരോഗ്യം മെച്ചപ്പെടുന്നതനുസരിച്ച് നാട്ടിലേക്കെത്തിച്ച് തുടർ ചികിത്സ നൽകാനാണ് കുടുംബം ഉദ്ദേശിക്കുന്നത്.

 നാട്ടുകാർ ചികിത്സാസഹായ സമിതി രൂപീകരിച്ചു

നാട്ടുകാർ ഗ്രാമപഞ്ചായത്തം ശാരദ ഉണ്ണിക്കൃഷ്ണൻ (ചെയർപേഴ്‌സൺ), പി.എ. സുധീഷ് (കൺവീനർ) എന്നിവർ ഭാരവാഹികളായി ചികിത്സാസഹായസമിതി രൂപീകരിച്ചിട്ടുണ്ട്. എസ്.ബി.ഐ മൂഴിക്കുളം ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40191944474. ഐ.എഫ്.എസ് കോഡ്: SBIN0008648. ഫോൺ: 9847568093.