കൊച്ചി: കൊച്ചിയെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിനായി രൂപംനൽകിയ സ്മാർട്ട് സിറ്റി പദ്ധതി ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുകയാണെന്ന് എറണാകുളം വികസനസമിതി യോഗം കുറ്റപ്പെടുത്തി. ശാസ്ത്രീയമായ സീവേജ്, ഡ്രെയിനേജ് സംവിധാനം,കനാൽ പുനരുദ്ധാരണം തുടങ്ങി നഗരത്തിന്റെ മുഖഛായ മാറ്റുന്ന പരിഷ്കാരങ്ങളാണ് രണ്ടായിരം കോടിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. എന്നാൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വിധത്തിലാണ് പദ്ധതി ഇപ്പോൾ നടക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു.

‌പ്രസിഡന്റ് കെഎസ്.ദിലീപ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ കൗൺസിലർ സുധാദിലീപ് കുമാർ, ഭാരവാഹികളായ കുരുവിള മാത്യൂസ്, കുമ്പളംരവി,ഏലൂർഗോപിനാഥ്, ഇന്ദുരാമചന്ദ്രൻ ,സിജെ.തോമസ്, ഗോപിനാഥകമ്മത്ത്, വാമലോചനൻ, രാജീവ് പി.ഡി, വേണു ഭഗവതിപ്പറമ്പ്, നവീൻ ചന്ദ്രഷേണായ്, സായിപ്രസാദ്, ജി.ആർ.കമ്മത്ത്, സി.ആർ.രാമചന്ദ്രൻ പോൾസൺ എളംകുളം, ടി.എൻ.പ്രതാപൻ, ജോയൽ ചെറിയാൻ, പോളി ജോസഫ് എന്നിവർ സംസാരിച്ചു.

ടെൻഡറിന് വിരുദ്ധമായ പ്രവർത്തനങ്ങൾ

ജീവന് ഭീഷണിയായി വഴിയോരങ്ങളിൽ ചിലന്തിവല പോലെ കിടക്കുന്ന കേബിളുകൾ ഭൂഗർഭത്തിലേക്ക് മാറ്റാനുള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിന് പകരം കാനയിലെ നീരൊഴുക്ക് തടസപ്പെടുത്തുന്ന വിധത്തിൽ സ്മാർട്ട് പോളുകൾ സ്ഥാപിക്കുന്നു, പഴയ കാനകൾക്കു മുകളിൽ പുതിയ സ്ളാബുകളിടുന്നു, 50 വർഷം പഴക്കമുള്ള സീവേജ് മാൻഹാളുകൾ നീക്കുന്നില്ല , ഉള്ള റോഡുകളുടെ വീതി ഇല്ലാതാക്കുന്നു, നടപ്പാതയിലെ തടസങ്ങൾ നീക്കം ചെയ്യുന്നില്ല എന്നിങ്ങനെ ടെൻഡറിന് വിരുദ്ധമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
ജനദ്രോഹകരമായ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ നിരവധി പരാതികൾ നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ മേയറുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.