കൊച്ചി: തമ്മനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി. തമ്മനം, കുത്താപ്പാടി മേഖലകളിലാണ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയത്. 161 പേരാണ് പ്രദേശത്ത് രോഗികളായുള്ളത്. ഒരു മാസത്തിലേറെയായി മേഖല കണ്ടെയ്‌മെന്റ് സോണായി തുടരുകയാണ്.
രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ട്രിപ്പിൾ ലോക്ക്ഡൗണിനു ശേഷം തുറന്ന ഇടറോഡുകൾ വീണ്ടും അടച്ചു. ഫെലിക്‌സ് റോഡ്, കുത്താപ്പാടി റോഡ്, കുത്താപ്പാടി ടെമ്പിൾ റോഡ്, ഗാന്ധി ജയന്തി റോഡ്, മെയ് ഫസ്റ്റ് റോഡ് തുടങ്ങിയ റോഡുകളാണ് വീണ്ടും അടച്ചതെന്ന് കൗൺസിലർ ഷക്കീർ തമ്മനം പറഞ്ഞു.
തമ്മനത്ത് കഴിഞ്ഞ ദിവസങ്ങളിൽ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരുടെ എണ്ണം വർദ്ധിച്ചിരുന്നു. എന്നാൽ പൊലീസ് പരിശോധന കർശനമാക്കിയതോടെ ആളുകളുടെ എണ്ണം കുറഞ്ഞെന്നും അധികൃതർ വ്യക്തമാക്കി. രാത്രികാല പെട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.