fake-mask-ppe-kit

കൊച്ചി: സർക്കാ‌ർ വില നിയന്ത്രണം വന്നതോടെ കൊവിഡ് പ്രതിരോധ മെഡിക്കൽ സാമഗ്രികളിൽ വ്യാജശല്യം രൂക്ഷമായത് ആരോഗ്യ പ്രവർത്തക‌രുടെ ജീവന് ഭീഷണിയാകുന്നു. യാതൊരുവിധ ഗുണമേന്മയുമില്ലാത്ത ഉപകരണങ്ങളാണ് സംസ്ഥാനത്ത് വ്യാപകമായി എത്തുന്നത്. ഇത് ഉപയോഗിച്ചാണ് ആരോഗ്യ പ്രവർത്തക‌ർ പ്രവർത്തിക്കുന്നതും. ഇപ്പോൾ എത്തുന്ന മാസ്കുകൾക്ക് എൻ-95 എന്ന പേരുമാത്രമേയുള്ളൂ. തുണികൊണ്ടുള്ള മാസ്കിന്റെ ഗുണമേന്മ പോലും ഇവയ്ക്കില്ല.

പല ആശുപത്രികളിലും പി.പി.ഇ കിറ്റ് ഉപയോഗത്തിനിടെ കീറിയ അവസ്ഥവരെ ഉണ്ട്. പി.പി.ഇ കിറ്റുകളിൽ സൗത്ത് ഇന്ത്യൻ ടെക്സ്റ്റൈൽസ് റിസർച്ച് അസോസിയേഷന്റെയും മറ്റും സർട്ടിഫിക്കേഷൻ ആവശ്യമാണ്. എന്നാൽ നിലവിൽ ഇതൊന്നും ഇല്ലാതെയാണ് ഇവ എത്തുന്നത്.

മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലാത്ത വില നിയന്ത്രണം കേരളത്തിൽ മാത്രം നടപ്പിലാക്കിയതിനാൽ നി‌ർമ്മാതാക്കൾ ഉല്പന്നങ്ങൾ അയയ്ക്കാത്ത അവസ്ഥയുണ്ട്. ഇതുമൂലം സർക്കാർ ആശുപത്രികളിൽ എത്തുന്ന സാധനങ്ങളുടെ ഗുണനിലവാരത്തിലും സംശയം ഉണ്ടെന്ന് ഐ.എം.എ ഭാരവാഹികൾ പറയുന്നു.

വിലനിയന്ത്രണം സ്വാഗതാർഹമാണ്. സർക്കാർ അതിന് മുൻപ് കാര്യമായ മുൻകരുതൽ എടുക്കണമായിരുന്നു. ഇവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സംവിധാനം സംസ്ഥാനത്ത് ഇല്ല. ഗുണനിലവാരം ഇല്ലാത്ത സാമഗ്രികൾ എത്തുന്നത് ആരോഗ്യ മേഖലയെ തകർക്കാൻ തന്നെ കാരണമായേക്കാം.

ഡോ.പി.ഗോപികുമാർ

ഐ.എം.എ സംസ്ഥാന സെക്രട്ടറി

സർക്കാർ വില കുറച്ചത് അല്ലാതെ എങ്ങനെയുള്ള ഉപകരണങ്ങൾ വിൽക്കണം എന്ന് പറഞ്ഞിട്ടില്ല. പൾസ് ഓക്സീമീറ്റർ വരെ വ്യാജ സെൻസർ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ഇത് രോഗികളുടെ ജീവനെ തന്നെ ബാധിച്ചേക്കാം

എ.എൻ.മോഹനൻ,ഓൾ കേരള കെമിസ്റ്റ്

ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്

മുൻപ് എടുത്ത സ്റ്റോക്കുകൾ നഷ്ടത്തിലാണെങ്കിലും വിറ്റു. ഇപ്പോൾ സ്റ്റോക്ക് എടുക്കുന്നത് കുറവാണ്. സംസ്ഥാനത്തേയ്ക്ക് സ്റ്റോക്ക് എത്തുന്നതും കുറഞ്ഞിട്ടുണ്ട്.

ആർ.ദേവദാസ്, കേരള സയന്റിഫിക്ക് ആൻഡ്

സർജിക്കൽ ഡിലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്