ആലുവ: കേരളത്തിലെ ചെരുപ്പുകട ഉടമകൾ പ്രതിസന്ധിമൂലം ആത്മഹത്യയുടെ വക്കിലാണെന്നും പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നുമുള്ള ആവശ്യം ശക്തമായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എസ്.എസ്. മനോജ്, കേരള റീട്ടെയിൽ ഫുട്ട്‌വെയർ അസോസിയേഷൻ (കെ.എഫ്.ആർ.എ) സംസ്ഥാന പ്രസിഡന്റ് എം.എൻ. മുജീബ് റഹമാൻ, ജനറൽ സെക്രട്ടറി നൗഷൽ തലശേരി, ട്രഷറർ ഹുസൈൻ കുന്നുകര എന്നിവർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
25,000ത്തിലധികം ചെരുപ്പ് കടകൾ കേരളത്തിൽ ഏതാനും ആഴ്ചകളായി അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് മാത്രം ദീർഘനാൾ കടകൾ അടച്ചിട്ടതിന്റെ പേരിൽ ഉപയോശൂന്യമായ ചെരുപ്പുകൾ, ലെതർഷൂസ്, ബാഗുകൾ, കുടകൾ തുടങ്ങിയവയിൽനിന്നുമാത്രം 150 കോടി രൂപയുടെ നഷ്ടമുണ്ടായി. ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെന്ന് മാത്രമല്ല മുടക്കുമുതലുകൾ നശിക്കുന്നതുമൂലമുള്ള നഷ്ടവും പ്രതിസന്ധി രൂക്ഷമാക്കുന്നു. പെരുന്നാൾ കച്ചവടം പ്രതീക്ഷിച്ചു ന്യൂഡൽഹി, ആഗ്ര തുടങ്ങിയ ഉത്തരേന്ത്യൻ നഗരങ്ങളിൽ നിന്നും ഒരു മാസം മുൻപേ ശേഖരിച്ച ചെരുപ്പുകളും ഷൂസുകളും ബാഗുകളും നശിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്നും നേതാക്കൾ പറഞ്ഞു.