anilkumar
ആശുപത്രിയിൽ കഴിയുന്ന അനിൽകുമാർ

# കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഇടപെടൽ അനുഗ്രഹമായി

# ആശുപത്രി ബിൽ ഇന്ത്യൻ എംബസിയും ഗുജറാത്തി വ്യവസായിയും ചേർന്ന് അടച്ചു

# ഭൂകമ്പഭീതി നിലനിൽക്കുന്ന സ്ഥലത്തുനിന്നും സുരക്ഷിതമായ ആശുപത്രിയിലേക്ക് മാറ്റി

# 'കേരളകൗമുദി' വാർത്തയെ തുടർന്ന് മലയാളി ഫെഡറേഷൻ 2000 ഡോളർ നൽകി

നെടുമ്പാശേരി: ആഫ്രിക്കയിലെ കോംഗോയിൽ മസ്തിഷ്‌ക രക്തസ്രാവത്തെത്തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ വിഷമിച്ച ആലുവ കുറുമശേരി ചൂപ്രത്തുവീട്ടിൽ അനിൽകുമാറിന് (45) കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഇടപെടലുകളിൽ താത്കാലികാശ്വാസം. ഉരുൾപൊട്ടലും ഭൂകമ്പ ഭീതിയും നിലനിൽക്കുന്ന പ്രദേശത്തെ ആശുപത്രിയിൽനിന്ന് യുവാവിനെ 550 കിലോമീറ്റർ അകലെയുള്ള ബുക്കാവുയിലെ സെന്റ് ലൂക്ക് ആശുപത്രിയിലേക്ക് ഇന്നലെ മാറ്റി.

ഭൂകമ്പത്തെത്തുടർന്ന് ആശുപത്രിയിൽനിന്ന് രോഗികളെയെല്ലാം ഒഴിപ്പിച്ചപ്പോൾ പണം അടക്കാനാകാത്തതിനാൽ അനിൽകുമാറിനെ മാറ്റിയിരുന്നില്ല. നാല് ലക്ഷത്തോളം രൂപയാണ് മന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് ഇന്ത്യൻ എംബസിയും ഗുജറാത്ത് സ്വദേശിയായ വ്യവസായി കേതൻ കൊട്ടാച്ചയും ചേർന്ന് അടച്ചത്. 'കേരളകൗമുദി' വാർത്തയെത്തുടർന്ന് വേൾഡ് മലയാളി ഫെഡറേഷനും സഹായവുമായെത്തി.

വയറിംഗ് തൊഴിലാളിയായിരുന്ന അനിൽകുമാർ രണ്ടുമാസം മുമ്പാണ് കോംഗോയിലെത്തിയത്. മൂന്ന് മലയാളികളുടെ സംരംഭത്തിലെ ഏക ജീവനക്കാരനായിരുന്നു. സ്ഥാപന ഉടമകളുടെ കൈവശവും ചികിത്സയ്ക്കാവശ്യമായ പണമുണ്ടായിരുന്നില്ല. ജോലിയാരംഭിച്ച് കുറച്ചുദിവസം കഴിഞ്ഞപ്പോൾ മസ്തിഷ്‌ക രക്തസ്രാവമുണ്ടായി. മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ അനിലിന്റെ ഭാര്യ യമുനയും സ്‌കൂൾ വിദ്യാർത്ഥികളായ രണ്ടുകുട്ടികളും അടങ്ങുന്ന കുടുംബം സഹായംതേടി കേന്ദ്രവിദേശകാര്യ സഹമന്ത്രിക്ക് നിവേദനം നൽകി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണനും ഗൗരവസ്ഥിതി മന്ത്രിയെ ബോദ്ധ്യപ്പെടുത്തി.

അനിലിന്റെ ആരോഗ്യം മെച്ചപ്പെടുന്നതനുസരിച്ച് നാട്ടിലേക്കെത്തിച്ച് തുടർചികിത്സ നൽകാനാണ് കുടുംബം ഉദ്ദേശിക്കുന്നത്. അതുവരെ ചികിത്സിക്കുന്നതിന് ഇനിയും പണം കണ്ടെത്തണം. ഡബ് ള്യു.എം.എഫിന് പുറമെ 'കേര'യെന്ന സംഘടനയും അനിലിനെ സഹായിക്കാൻ തയ്യാറായിട്ടുണ്ട്.

തുണയായി 'കേരളകൗമുദി'

'കേരളകൗമുദി' വാർത്ത അവധിക്ക് നാട്ടിലെത്തിയ മലയാളി ഫെഡറേഷൻ കോംഗോ യൂണിറ്റ് കോ ഓർഡിനേറ്റർ തൃശൂർ സ്വദേശി സുജേഷിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വിവരം റീജണൽ സെക്രട്ടറി ഓമനക്കുട്ടന് കൈമാറി. തുടർന്ന് ആദ്യഘട്ടമെന്ന നിലയിൽ 2000 ഡോളർ ശേഖരിച്ച് നൽകിയതായി ഓമനക്കുട്ടൻ അറിയിച്ചു. തുടർ ചികിത്സയ്ക്കും സഹായം നൽകും.

നാട്ടുകാർ രൂപീകരിച്ച ചികിത്സാസഹായ സമിതി എസ്.ബി.ഐ മൂഴിക്കുളം ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നു. നമ്പർ: 40191944474. ഐ.എഫ്.എസ് കോഡ്: SBNI0008648. ഫോൺ: 9847568093.