lakshadweep

കൊച്ചി: പ്രതിഷേധത്തിരയടിക്കുന്ന ലക്ഷദ്വീപിലെ കൊവിഡ് വാക്സിനേഷനും അനിശ്ചിതത്വത്തിൽ. ദ്വീപ് നിവാസികളിൽ പകുതിയോളം പേരും പ്രാഥമിക സമ്പ‌‌ർക്ക പട്ടികയിൽ ഉൾപ്പെട്ടതാണ് കാരണം. എഴുപതിനായിരമാണ് ആകെ ജനസംഖ്യ. 18 വയസിൽ താഴെയുള്ളവരെ ഒഴിവാക്കിയാൽ എകദേശം 50,000പേ‌ർ വരും. 7,288 പേർ രണ്ടു ഡോസും 28,753 പേർ ആദ്യ ഡോഡും സ്വീകരി​ച്ചു. ശേഷിക്കുന്നവരാണ് സമ്പർക്ക പട്ടികയിലുള്ളത്.

 ക്ഷാമമില്ല

വാക്സിനേഷൻ പ്രതിസന്ധിയിലായെങ്കിലും ദ്വീപിൽ വാക്സിൻ ക്ഷാമമില്ല. സമ്പർക്ക പട്ടികയിൽ ഇല്ലാത്തവർക്കും കൊവിഡ് മുക്തരായവർക്കും വാക്സിൻ നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം ആയിരം പേരോളം വാക്സിൻ സ്വീകരിച്ചു.

ലക്ഷദ്വീപിലെ 90 ശതമാനത്തിലേറെ ആരോഗ്യപ്രവർത്തകരും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനത്താണ് ദ്വീപ്. 10 ദ്വീപുകളിലായി ആശുപത്രികളിൽ ആകെയുള്ളത് 15 വെന്റിലേറ്ററാണ്. കൊവിഡ് അതിവ്യാപനമുണ്ടായാൽ രോഗികളെ കൊച്ചിയിൽ എത്തിക്കേണ്ടി വരും.

 ഒഴിയാതെ ആശങ്ക

ദ്വീപിൽ ഇളവുകൾ അനുവദിച്ചതിന് പിന്നാലെ ഓരോ ദിവസവും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 2163 ആയി​. ഇന്നലെ മാത്രം 236 പേർക്ക് സ്ഥിരീകരിച്ചു. ജനവാസമുള്ള പത്ത് ദ്വീപുകളിൽ കവരത്തിയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ - 1093പേർ. ഏറ്രവും കുറവ് ബിത്ര ദ്വീപിലും - രണ്ട് പേ‌ർ.

ഒരു വർഷത്തോളം ഗ്രീൻ സോണായിരുന്ന ലക്ഷദ്വീപിൽ ജനുവരി 18നാണ് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 24 പേർ കൊവിഡ് ബാധിച്ച് മരിച്ചു.