lorry
മറിഞ്ഞ നഗരസഭയുടെ മിനി ലോറി. ലോറിയിലെ മാലിന്യം നഗരസഭ ജീവനക്കാർ നീക്കുന്നു.

ആലുവ: നഗരസഭയുടെ കാനനിർമ്മാണത്തിന്റെ അവശിഷ്ടങ്ങൾ പാടശേഖരത്തോട് ചേർന്ന് തള്ളാനെത്തിയ നഗരസഭയുടെ മിനിലോറി എടയപ്പുറം ടൗൺഷിപ്പ് റോഡിൽ മറിഞ്ഞു. ഡ്രൈവർ ഉൾപ്പെടെ ആർക്കും പരിക്കില്ല.

ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അപകടം. നേതാജി റോഡിലും മറ്റും അടുത്ത കാലത്ത് കാന നവീകരിച്ചതിനെ തുടർന്നുണ്ടായ മണ്ണും ചെളിയുമാണ് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ കീഴ്മാട് ഗ്രാമപഞ്ചായത്ത് അതിർത്തിയോട് ചേർന്നുള്ള സ്ഥലത്ത് തള്ളാനെത്തിച്ചത്. ലോറിയിലുണ്ടായിരുന്ന ക്ലീനർ പുറത്തിറങ്ങി സെെഡ് പറഞ്ഞ് കൊടുക്കുന്നതിനിടെ ലോറി മറിയുകയായിരുന്നു.

മാലിന്യം തള്ളാനെത്തിയ ലോറി മറിഞ്ഞെന്ന സന്ദേശം കീഴ്മാട് ഗ്രാമപഞ്ചായത്തിൽ ലഭിച്ചതിനെത്തുടർന്ന് പ്രസിഡന്റ് സതി ലാലു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്‌നേഹ മോഹനൻ എന്നിവർ ഉൾപ്പെടെ സ്ഥലത്തെത്തി. നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് നിയമനടപടി സ്വീകരിക്കുമെന്നറിയിച്ചാണ് ഇവർ മടങ്ങിയത്. അതേസമയം, മാലിന്യമല്ലെന്നും മണ്ണ് സ്ഥലം ഉടമയുടെ അനുമതിയോടെ നിക്ഷേപിക്കാനാണ് ശ്രമിച്ചതെന്നുമാണ് നഗരസഭയുടെ വിശദീകരണം. നഗരസഭാ കൗൺസിലർമാരായ ജെയ്‌സൺ മേലേത്ത്, പ്രീത രവി എന്നിവരും സ്ഥലത്തെത്തി.