kalun

കൊച്ചി: മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി നഗരത്തിലെ റെയിൽവെ കലുങ്കുകൾ ശുചീകരിക്കുന്നതിന് കോർപ്പറേഷൻ തുടക്കമിട്ടു. ചിറ്റൂർ-തേവര പാതയിലെ 28 കലുങ്കുകളാണ് വൃത്തിയാക്കുന്നത്. 2016 ലാണ് ഏറ്റവും ഒടുവിൽ കോർപ്പറേഷൻ ഇതെല്ലാം ശുചീകരിച്ചത്. ഇത്തവണ റെയിൽവേയുടെ മേൽനോട്ടത്തിലാണ് പണികൾ നടക്കുന്നത്. കെ.എസ്.ആർ.ടി.സി, ഗാന്ധിനഗർ , ഉദയകോളനി പ്രദേശത്തെ വെള്ളക്കെട്ടിന് കാരണം സൗത്ത് റെയിൽവേ സ്റ്റേഷനിലെ കലുങ്കാണ്.

സിഗ്നലിംഗ് സംവിധാനം ഉൾപ്പടെയുള്ള പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ഭയത്താൽ ബാഹ്യ ഏജൻസികൾ ശുചീകരണത്തിനായി സ്റ്റേഷൻ പരിസരത്തേക്ക് കടക്കുന്നത് റെയിൽവേ പ്രോത്സാഹിപ്പിച്ചിരുന്നില്ല. നിശ്ചിത ഷെഡ്യൂൾ പ്രകാരം എല്ലാ വർഷവും തങ്ങൾ കലുങ്കുകൾ വൃത്തിയാക്കാറുണ്ടെന്ന് റെയിൽവേ അവകാശപ്പെടുമെങ്കിലും വെള്ളക്കെട്ടിന് ശമനമുണ്ടായില്ല.

നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി റെയിൽവേ കലുങ്കുകൾ ശുചീകരിക്കണമെന്ന് 2020 മേയ് മാസത്തിൽ ഹൈക്കോടതി ജില്ല ഭരണകൂടത്തിന് നിർദ്ദേശം നൽകിയിരുന്നു. ആവശ്യമായ സഹായങ്ങൾ ചെയ്യണമെന്ന് റെയിൽവേയോടും ആവശ്യപ്പെട്ടിരുന്നു.

കലുങ്കുകളുടെ വീതി

കൂട്ടാനാവില്ലെന്ന് റെയിൽവെ

വീതി കുറഞ്ഞ റെയിൽവേ കലുങ്കുകൾ വെള്ളക്കെട്ടിന് വഴി വയ്ക്കുന്നുവെന്ന് കോർപ്പറേഷനും റെസിഡൻസ് അസോസിയേഷനും പരാതിയുണ്ട്. റെയിൽവേ ട്രാക്കിലെ മഴവെള്ളം ഒഴുക്കികളയുന്നതിനായി 70 കളിലാണ് ചെറുതും വലുതുമായ കലുങ്കുകളെല്ലാം നിർമ്മിച്ചത്. എന്നാൽ നഗരം അതിവേഗം വളർന്നതോടെ ഡ്രെയിനേജ് സംവിധാനം അപര്യാപ്തമായി.നിർമ്മാണപ്രവർത്തനങ്ങളും കൈയേറ്റവും പ്ളാസ്റ്റിക്മാലിന്യങ്ങളും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. നിലവിലെ സാഹചര്യത്തിൽ കലുങ്കുകളുടെ വീതി വർദ്ധിപ്പിക്കുന്ന കാര്യം ആലോചിക്കാൻ കഴിയില്ല. ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി നേരത്തെ കലുങ്കുകൾ ശുചീകരിച്ചിരുന്നു. റെയിൽവേയുടെ അനുമതിയോടെയാണ് ഇപ്പോഴത്തെ ജോലികൾ നടക്കുന്നത്. സിവിൽ എൻജിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കാണ് മേൽനോട്ടചുമതല.

നിധിൻ റോബർട്ട്,

റെയിൽവെ ഏരിയ മാനേജർ

കനാലുകളുടെ ശുചീകരണം തുടരുന്നു

ജെറ്റ് പമ്പ് ഉപയോഗിച്ചാണ് കലുങ്കുകളുടെ ഉൾവശം വൃത്തിയാക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ജോലികൾ പൂർത്തിയാകും. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. എല്ലാ ഡിവിഷനുകളിലെയും ചെറിയ കാനകൾ വൃത്തിയാക്കി. വലിയ തോടുകളുടെ ശുചീകരണം പൂർത്തിയാകുന്നു.പേരണ്ടൂർ കനാലിലെ പായലും പോളയും മാറ്റി. ചെളി കോരാനുണ്ട്.

സുനിത ഡിക്സൺ,

മരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ