മൂവാറ്റുപുഴ: മൂവാറ്റുപുഴ - കോതമംഗലം എൻ.എച്ച് 85 ബൈപ്പാസ് റോഡുകൾ ഉടനെ യാഥാർത്ഥ്യമാക്കുന്നതിനായി കേന്ദ്രഗവൺമെന്റുമായി ചർച്ചനടത്തണമെന്ന് ആവശ്യപ്പെട്ട് ഡീൻകുര്യാക്കോസ് എം.പി മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് കത്തുനൽകി. നിലവിൽ ഭാരതമാല പരിയോജന പദ്ധതിയിൽ എൻ.എച്ച് 85 ഉൾപ്പെടുത്തിയ പശ്ചാത്തലത്തിൽ നിർദ്ദിഷ്ട ബൈപ്പാസുകൾ യാഥാർത്ഥ്യമാക്കുന്നതിന് സമയബന്ധിതമായി സംസ്ഥാന സർക്കാർ ഇടപെടണമെന്നാണ് ആവശ്യം. മാത്യു കുഴൽനാടൻ എം.എൽ.എയും ഒപ്പമുണ്ടായിരുന്നു.
കേന്ദ്രസർക്കാർ നയത്തിനനുസരിച്ച് സ്ഥലം ഏറ്റെടുക്കുന്നതിന് 50% തുക സംസ്ഥാന സർക്കാർ വകയിരുത്തണം. 1990 മുതൽ നിലനിൽക്കുന്ന ബൈപ്പാസ് പദ്ധതിനിർദ്ദേശം പ്രാവർത്തികമാകാതെ കിടക്കുകയായിരുന്നു. എൻ.എച്ച്85 ന്റെ ഗ്രീൻഫീൽഡ് അലൈൻമെന്റ് മൂവാറ്റുപുഴ, കോതമംഗലം ടൗണുകളെ ബന്ധപ്പെടാതെ മറ്റു പ്രദേശങ്ങളിലൂടെ പോകുന്നതിനാൽ മൂവാറ്റുപുഴ, കോതമംഗലം ബൈപ്പാസുകൾ നിർമ്മാണം നടത്താൻ സാദ്ധ്യത കൽപ്പിക്കപ്പെടാതെ കിടക്കുകയാണ്. നിലവിലെ ഭാരതമാല അലൈൻമെന്റ് പ്രകാരം എൻ.എച്ച്85 നിർമ്മാണം പൂർത്തിയാകുമ്പോൾ നിലവിലുള്ള എൻ.എച്ച് 85ന്റെ മൂവാറ്റുപുഴ കോതമംഗലം പാത സംസ്ഥാനഹൈവേയായി പുനർനാമകരണം ചെയ്യപ്പെടുകയും പിന്നീട് ഈ റോഡിന്റെ നിർമ്മാണചുമതലയും ബന്ധപ്പെട്ടുവരുന്ന മൂവാറ്റുപുഴ, കോതമംഗലം ബൈപ്പാസുകളുടെ സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള നിർമ്മാണ ഉത്തരവാദിത്വവും സംസ്ഥാന സർക്കാരിൽ വരികയും നിലവിലെ സാഹചര്യത്തിൽ അത് സംസ്ഥാന സർക്കാരിന് വലിയബാദ്ധ്യതയാവുമെന്നും എം.പി പറഞ്ഞു. മുഖ്യമന്ത്രി പദ്ധതിയുടെ പൂർണവിവരം ലഭ്യമാക്കുന്നതിന് പൊതുമരാമത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും എംപി അറിയിച്ചു. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെനന്ന് അഭ്യർത്ഥിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസുമായും ചർച്ചനടത്തി.