1
കൊവിഡ് രോഗിയെ ആശുപതിയിൽ കൊണ്ടു പോകുന്ന കൗൺസിലർ അഭിലാഷ് തോപ്പിലും സഹായിയും

പള്ളുരുത്തി: ഇത് ഇടക്കൊച്ചിയിലെ ഡിവിഷൻ കൗൺസിലർ അഭിലാഷ് തോപ്പിൽ. ഏത് രാത്രിയിലും ഒരു ഫോൺകോൾ മതി ഉറക്കം മതിയാക്കി അഭിലാഷ് ഓടിയെത്തും. കൊവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ബന്ധുക്കൾ വരെ ഭയക്കുന്ന ഈ സാഹചര്യത്തിൽ ആംബുലൻസ് സംഘടിപ്പിച്ച് ആശുപത്രിയിൽ എത്തിക്കുകയും അസുഖം ഭേദമായി തിരികെ വീടുകളിലും അഭിലാഷ് എത്തിക്കും. ഇതിനായി നിരവധി യുവാക്കളും അഭിലാഷിനൊപ്പമുണ്ട്. പി.പി.ഇ കിറ്റ് ധരിച്ചാണ് ഇവരുടെ പ്രവർത്തനം.

രോഗികൾക്ക് വീടുകളിൽ മരുന്നുകൾ, ഭക്ഷണം, ഭക്ഷ്യധാന്യ കിറ്റുകൾ തുടങ്ങി എന്ത് സഹായത്തിനും ഇദ്ദേഹം എത്തും. ഇടക്കൊച്ചി ബസ് സ്റ്റാൻഡിൽ പഞ്ചർ ഒട്ടിക്കുന്ന കടഉടമയും തൊഴിലാളിയുമായിരുന്ന അഭിലാഷ് കോൺഗ്രസ് പ്രവർത്തകനാണ്. വളരെ അപ്രതീക്ഷമായാണ് ഇടക്കൊച്ചിയിലെ വാർഡിൽ കൊച്ചി കോർപ്പറേഷനിലേക്ക് മത്സരത്തിനിറങ്ങിയത്. നഗരസഭാംഗം ആകുന്നതിനു മുമ്പ് കൊവിഡിന്റെ ആദ്യ വരവിൽ പാവപ്പെട്ടവർക്ക് ഭക്ഷ്യക്കിറ്റുകൾ ഉൾപ്പെടെ നിരവധി സഹായങ്ങൾ ഇദ്ദേഹം നൽകിയിരുന്നു. നല്ലൊരു ഫോട്ടോഗ്രഫർ കൂടിയാണ് അഭിലാഷ്. എല്ലാ ചടങ്ങിനുമെത്തി പലപ്പോഴും പണംപോലും വാങ്ങാതെ ഫോട്ടോ എടുത്ത് നൽകിയിരുന്നു. കൂടാതെ കൊച്ചിയിലെ എല്ലാ മാദ്ധ്യമ പ്രവർത്തകർക്കും ഫോട്ടോനൽകും.

കൗൺസിലർ ആയതോടെ തിരക്കുകൾ വർദ്ധിച്ചു. ഇടക്കൊച്ചിയിൽ കൊവിഡ് രോഗികൾക്കായി കട്ടിലുകൾ, കിടക്ക, മരുന്ന് എന്നിവ നഗരസഭയുടെ സഹായത്തോടെ ഹാളിൽ അദ്ദേഹം സജ്ജമാക്കി. നിരവധി സംഘടനകളുടെ സഹായത്തോടെ ഇടക്കൊച്ചിയിൽ സമൂഹ അടുക്കളകളും തുറക്കാൻ കഴിഞ്ഞു.