കൊച്ചി: വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിലൂടെ കൊവിഡ് കാലത്ത് കോർപ്പറേഷൻ മഹത്തായ സേവനമാണ് ചെയ്യുന്നതെന്ന് നടൻ അനൂപ്മേനോൻ പറഞ്ഞു . കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കുമായി കഴിഞ്ഞ 33 ദിവസമായി കോർപ്പറേഷൻ വിതരണം ചെയ്തുവരുന്ന ഭക്ഷണപൊതികളുടെ എണ്ണം ഒന്നര ലക്ഷം തികയുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു താരം.

രണ്ട് നേരങ്ങളിലായി ഇന്നലെ 4471 ഭക്ഷണ പൊതികൾ വിതരണം ചെയ്തതോടെ നാളിതുവരെ വിതരണം ചെയ്ത ഭക്ഷണ പൊതികളുടെ എണ്ണം 1,50,012 ആയി.

റിലയൻസ് ഫൗണ്ടേഷൻ ഭക്ഷണശാലയിലേക്ക് 2000 കിലോ സവാള, 1000 കിലോ ഉരുളകിഴങ്ങ്, 240 കിലോ പരിപ്പ്, 180 കിലോ വീതം ചെറുപയറും കടലയും. 192 ലിറ്റർ ഭക്ഷ്യഎണ്ണ എന്നിവ സംഭാവന ചെയ്തു.സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. ആർ. റെനീഷ്, ഷീബലാൽ, ടി.കെ. അഷറഫ്, ജെ. സനിൽമോൻ, വി.എ. ശ്രീജിത്ത്, കൗൺസിലർ സി.എ. ഷക്കീർ എന്നിവർ പങ്കെടുത്തു..