food
നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നായ്ക്കൾക്ക് ജനകീയ അടുക്കളയിൽ നിന്ന് ഭക്ഷണം എത്തിച്ചു നൽകുന്ന പ്രവർത്തകർ

പെരുമ്പാവൂർ: മനുഷ്യർക്ക് മാത്രമല്ല കരുതൽ, മൃഗങ്ങൾക്കും വേണമെന്ന സന്ദേശം നൽകി പെരുമ്പാവൂരിലെ ജനകീയ അടുക്കള. കൊവിഡ് ബാധിച്ച് വീട്ടിൽ കഴിയുന്നവർക്കു മാത്രമല്ല സന്നദ്ധ പ്രവർത്തകർ ഭക്ഷണമെത്തിക്കുന്നത് നഗരത്തിൽ അലയുന്ന നായ്ക്കൾക്കും പക്ഷികൾക്കും എന്നും ഭക്ഷണമെത്തിക്കുന്നത് ജനകീയ അടുക്കളയിൽ നിന്നാണ്.

ലോക്ക് ഡൗൺ മൂലം മാംസ മത്സ്യ മാർക്കറ്റുകൾ പ്രവർത്തിക്കാതായതോടെ ഭക്ഷണം കിട്ടാതെ നായ്ക്കൾ അക്രമ സ്വഭാവത്തിലേക്ക് നീങ്ങുമെന്നു കണ്ടതോടെയാണ് ജനകീയ അടുക്കള വഴി ഭക്ഷണം നൽകാൻ തീരുമാനിച്ചത്. ബസ് സ്റ്റാൻഡ് കെട്ടിടത്തിനു മുകളിൽ കൂട് കൂട്ടിയിരിക്കുന്ന പ്രാവുകൾ ജീവിക്കുന്നത് കപ്പലണ്ടി കച്ചവടക്കാരെ ചുറ്റിപ്പറ്റിയായിരുന്നു. ഒരു മാസത്തോളമായി ബസ് സ്റ്റാൻഡ് അടച്ചതോടെ പ്രാവുകൾക്കും ഭക്ഷണം കിട്ടാതെയായി. അവർക്കും ജനകീയ അടുക്കളയിൽ നിന്നും ഭക്ഷണമെത്തിക്കുന്നുണ്ട്. അഞ്ഞൂറിൽ പരം പൊതികളാണ് ജനകീയ അടുക്കളയിൽ നിന്നും വിതരണം ചെയ്യുന്നത്. ഓരോ പഞ്ചായത്തുകളിൽ നിന്നും ജനകീയ അടുക്കളയിലേക്ക് പച്ചക്കറികളും മറ്റു വിഭവങ്ങളും കർഷകരും സി.പി.എം പ്രവർത്തകരും എത്തിക്കുന്നുണ്ട്. സി.പി.എം, ഡി.വൈ.എഫ്‌.ഐ, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണ പൊതികൾ വീടുകളിലെത്തിക്കുന്നത്. ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവൻ മുരളി തുമ്മാരുകുടി ജനകീയ അടുക്കള തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.