ആലുവ: ആലുവ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശ്വാശ്വത പരിഹാരം കാണുന്നതിനായി മാർക്കറ്റ് റോഡ് വികസിപ്പിക്കുന്നതിന് ഒമ്പതുകോടി രൂപയുടെ പദ്ധതി അനുവദിക്കണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി. കാരോത്തുകുഴി കവല മുതൽ കപ്പേളവരെ 75 മീറ്റർ ഭാഗമാണ് സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കേണ്ടത്. എം.എൽ.എ ഇടപെട്ട് നേരത്തെ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് സഹിതമാണ് നിവേദനം നൽകിയത്. ധനമന്ത്രി കെ.എൻ. ബാലഗോപാലിനേയുംകണ്ട് എം.എൽ.എ സഹായം അഭ്യർത്ഥിച്ചു. ഗവ. ഏജൻസിയായ നാറ്റ്പാക്കിനെ ഉപയോഗിച്ച് പഠനംനടത്തി ലഭിക്കുന്ന റിപ്പോർട്ട് നഗരസഭ, പൊലീസ്, വ്യാപാരികൾ എന്നിവരുമായി ചർച്ച നടത്തിയാണ് വികസനം സംബന്ധിച്ച അന്തിമരൂപം തയ്യാറാക്കേണ്ടത്.
നിലവിലുള്ള ആറ് മീറ്റർ റോഡ് 12 മീറ്ററാക്കണമെന്നാണ് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെടുന്നത്. റോഡരികിലെ കപ്പേള നീക്കുന്നതിന് നേരത്തെതന്നെ സെന്റ് ഡൊമിനിക്ക് പള്ളി അധികൃതർ സന്നദ്ധത അറിയിച്ചിട്ടുള്ളതാണ്. എന്നിട്ടും ഫണ്ട് ലഭ്യമാക്കാത്തതിനാലാണ് വികസനം നീണ്ടത്.