കൊച്ചി: പരീക്ഷണം ഫലം കണ്ടു. ഉയർന്ന വിപണന മൂല്യമുള്ള ചെമ്പല്ലിയുടെ വിത്തുൽപാദനം വിജയമായി. ഇന്ത്യയിൽ ആദ്യമായാണ് ചെമ്പല്ലിയെ കൃത്രിമമായി പ്രജനനം നടത്തുന്നത്. നേട്ടം സംസ്ഥാനത്തെ മത്സ്യക്കൃഷിയിൽ വൻകുതിപ്പിന് വഴിവയ്ക്കും. കേരളത്തിൽ ലാഭകരമായ മത്സ്യക്കൃഷിയിൽ ഒന്നാണ് ചെമ്പല്ലി വളർത്തൽ. ഹാച്ചറിയിൽ ഉത്പാദിപ്പിച്ച കുഞ്ഞുങ്ങളെ ലഭിക്കാത്തതായിരുന്നു ഒരേയൊരു വെല്ലുവിളി. ജലാശയങ്ങളിൽ നിന്ന് വല്ലപ്പോഴും ലഭിക്കുന്ന കുഞ്ഞുങ്ങളെയാണ് കർഷകർ ആശ്രയിച്ചിരുന്നത്. ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജലകൃഷി ഗവേഷണ സ്ഥാപനമാണ് (സിബ) ചെമ്പല്ലിയുടെ വിത്തുത്പാദന സാങ്കേതികവിദ്യ വിജയകരമാക്കിയത്. അഞ്ച് വർഷത്തെ ശ്രമം. കാളാഞ്ചി, പൂമീൻ, തിരുത എന്നിവയുടെ കുഞ്ഞുങ്ങളെ നേരത്തെ തന്നെ സിബ ഒരുക്കിയിട്ടുണ്ട്. ചെന്നൈയിലെ ഹാച്ചറിയിൽ വിരിഞ്ഞ ചെമ്പല്ലി കുഞ്ഞുങ്ങൾ തമിഴ്‌നാട്ടിലെയും കേരളത്തിലെയും കർഷകർക്ക് നൽകി സിബ ഗവേഷണ നേട്ടം ഔദ്യോഗികമായി രാജ്യത്തിന് സമർപ്പിച്ചു.
ചെമ്പല്ലി@600
വിപണിയിൽ കിലോയ്ക്ക് 600 രൂപ വരെ ചെമ്പല്ലിക്ക് വിലയുണ്ട്. കുഞ്ഞുങ്ങളെ ലഭ്യമാകുന്നതോടെ ഓരുജലാശയങ്ങൾ ധാരാളമുള്ള കേരളത്തിൽ മത്സ്യകൃഷിയിൽ വൻ മുന്നേറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. സ്വാദിഷ്ടമായതിനാൽ വിപണിയിൽ ഏറെ ആവശ്യക്കാരുണ്ട്.
''ആറ് മാസത്തിനുള്ളിൽ അരക്കിലോ തൂക്കം കൈവരിക്കുന്ന വളർച്ചാനിരക്ക് പുതുതായി പ്രജനനം നടത്തിയ ചെമ്പല്ലിക്കുണ്ട്. ഹാച്ചറിസംവിധാനം വികസിപ്പിക്കാൻ താൽപര്യമുള്ളവർക്ക് സാങ്കേതികവിദ്യ കൈമാറാൻ തയ്യാറാണ്. ''
ഡോ.കെ.കെ.വിജയൻ
സിബ ഡയറക്ടർ