തൃപ്പൂണിത്തുറ: കഴിഞ്ഞവർഷം ലോക്ക് ഡൗൺ കാലത്ത് വഴിയരികിൽ ഭക്ഷണം കിട്ടാതെ അലഞ്ഞ പൂച്ചകൾ അവിചാരിതമായാണ് എറണാകുളം ചക്കരപ്പറമ്പ് പള്ളത്തുഫ്ലാറ്റിൽ താമസക്കാരനും ഇന്റർനാഷണൽ കമ്പനിയുടെ എക്സിക്യുട്ടീവ് ഡയറക്ടറുമായ ഡോ. ബഷീറിന്റെ കാർ പോർച്ചിൽനിന്ന് തന്റെ കാറിനുമുന്നിൽ ചാടിയത്. മിണ്ടാപ്രാണികളുടെ വിശപ്പറിഞ്ഞ ബഷീർ ഫ്രിഡ്ജിൽനിന്ന് മീനെടുത്തുകൊടുത്തു. അന്നുമുതൽ ഇദ്ദേഹത്തിന്റെ കാറുവന്നാൽ ഓടിവരാനും കാലിൽ കൂട്ടമായി ഉരുമിയിരിക്കാനും തുടങ്ങി. അന്നുമുതൽ ബഷീർ പൂച്ചകൾക്കായി മീൻ കൈയിൽ കരുതുന്നത് ശീലമാക്കി. രാവിലെ നടക്കാനിറങ്ങിയാലും ഈ പൂച്ചക്കൂട്ടം ഒപ്പമുണ്ടാകും. ക്ഷീണംകൊണ്ട് നടപ്പ് പാതിവഴിയിൽ നിർത്തിയാൽ പൂച്ചകൾ വന്ന് രണ്ടു കാലിന്റെയും പിന്നിൽനിന്ന് തല കൊണ്ടിടിച്ച് നടപ്പ് തുടരാൻ നിർബന്ധിക്കുമെന്ന് ബഷീർ പറയുന്നു.
ഇപ്പോൾ ഒരു പൂച്ച പ്രസവിച്ച് കുഞ്ഞുങ്ങളുമായി ഷൂറാക്കിലാണ് താമസം. സന്ധ്യയായാൽ ബഷീറിനെ കാത്ത് ചവിട്ടുപടിയിലും സമീപത്തെ മതിലിന്റെ പുറത്തും കാത്തിരിക്കും. കൈയിൽ കരുതിയ മീനുകൾ അവയ്ക്ക് കൊടുത്തശേഷമേ ഫ്ലാറ്റിൽ പ്രവേശിക്കൂ.