കുറുപ്പംപടി : അഡ്വ. എൻ.സി.മോഹനൻ ടെൽക്ക് ചെയർമാൻ സ്ഥാനം രാജിവച്ചു. സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമായാണ് രാജി. കമ്പനി ഓഫീസിൽ ഓഫീസർമാരുടെയും ജീവനക്കാരുടെയും പ്രതിനിധികൾ യാത്രഅയപ്പ് നൽകി.
2011ലെ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സഞ്ചിത നഷ്ടം 48 കോടിയായി വർദ്ധിച്ച് അടച്ചുപൂട്ടലിന്റെ വക്കിലായ കമ്പനിയെ 30.50 കോടി രൂപ ലാഭത്തിലാക്കിയാണ് അഡ്വ.എൻ.സി.മോഹനന്റെ പടിയിറക്കം. കൂടാതെ ഇപ്പോൾ 360 കോടി രൂപയുടെ ഓർഡർ ടെൽക്കിന്റെ കൈവശമുണ്ട്.
പൊതുമേഖലയെ ശാക്തീകരിക്കുക എന്ന എൽ.ഡി.എഫ് സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമായാണ് നാലു വർഷം മുമ്പ് അഡ്വ.എൻ.സി.മോഹനൻ ടെൽക്കിന്റെ ചെയർമാനാകുന്നത്. ശമ്പളകുടിശ്ശികയുടെ പേരിൽ നിരന്തരം സമരത്തിലായിരുന്ന ജീവനക്കാരുടെ വിശ്വാസം നേടിയ അഡ്വ.എൻ.സി മോഹനൻ ഇക്കാലയളവിൽ ശമ്പള കുടിശികയായ 15.50 കോടി രൂപ കൊടുത്തു തീർക്കുകയും പുതിയ ജീവനക്കാരെ നിയമിക്കുകയും ചെയ്തു. കൂടാതെ സർക്കാരിൽ നിന്ന് ഓഫീസർമാരുടെയും തൊഴിലാളികളുടെയും ശമ്പള പരിഷ്‌കരണത്തിന് അംഗീകാരവും നേടിയെടുത്തു.
അടുത്ത രണ്ടുവർത്തിനകം നവീകരണ പ്രവർത്തനങ്ങൾക്കായി 300 കോടിയുടെ പ്രവർത്തനാനുമതിയും നേടിയിട്ടുണ്ട്. ഇതിൽ സൗരോർജ്ജ പദ്ധതികൾക്ക് അനിവാര്യമായ പ്രത്യേകതരം ട്രാൻസ്‌ഫോർമറുകളുടെ നിർമ്മാണത്തിനുള്ള ബ്രഹത്തായ പദ്ധതിയും ഉൾപ്പെടും.