ആലുവ: കൊവിഡ് വ്യാപനത്തിന്റെ പേരിൽ ആശങ്കയിലായ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന പരിശോധനയിൽ ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം പോസിറ്റിവിറ്റി നിരക്ക് 31.25 ശതമാനമാണ്.
ഇന്നലെ വരെയുള്ള ആന്റിജൻ പരിശോധനയുടെ ഫലമെല്ലാം പൂർണമായി ലഭിച്ചെങ്കിലും ആർ.ടി.പി.സി.ആർ പരിശോധനാ റിപ്പോർട്ട് അപൂർണമാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 580 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ 302 ആന്റിജൻ പരിശോധനയിൽ 98 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 278 ആർ.ടി.പി.സി.ആർ പരിശോധനയിൽ 82 എണ്ണത്തിന്റെ ഫലമാണ് ലഭിച്ചത്. ഇതിൽ 22 എണ്ണമാണ് പോസിറ്റീവായത്. ഫലം ലഭിച്ച 384ൽ 120 പോസിറ്റീവ് കേസുകളാണുള്ളത്.
ഒരാഴ്ച്ചത്തെ കണക്കുകൾ പ്രകാരം കഴിഞ്ഞ തിങ്കളാഴ്ച്ച ജില്ലാ കളക്ടർ പുറത്തുവിട്ട കണക്കിൽ കടുങ്ങല്ലൂരിൽ 50 ശതമാനത്തിലേറെ ടെസ്റ്റ് പോസിറ്റിവിറ്റിയുണ്ടെന്നാണ് സൂചിപ്പിച്ചിരുന്നത്. ഇത് ജനങ്ങളിൽ കടുത്ത ആശങ്കയുണ്ടാക്കുകയും പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.