കൊച്ചി: യാസ് ചുഴലിക്കാറ്റിനെ തുടർന്ന് തീരത്ത് ജാഗ്രതാ നിർദ്ദേശം. ഇന്നു മുതൽ നാലു ദിവസത്തേക്ക് ജില്ലയിൽ കനത്ത മഴ സാദ്ധ്യതയുള്ളതിനാൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കടലിൽ മത്സ്യബന്ധനത്തിന് പോവുന്നതിലും നിയന്ത്രണമുണ്ട്.
ചെല്ലാനം, എടവനക്കാട്, അണിയൽ, നായരമ്പലം, ചാത്തങ്ങാട്, പഴങ്ങാട്, കണ്ണമാലി എന്നിവിടങ്ങളിൽ ഇന്നലെ രാവിലെ മുതൽ കടൽ കയറുകയാണ്. പെരുമ്പടപ്പിലും കുമ്പളങ്ങിയിലും വേലിയേറ്റത്തിൽ വീടുകളിലേക്ക് വെള്ളം കയറി.
കാലവർഷം തുടങ്ങാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേ വലിയ ഭീതിയിലാണ് പ്രദേശവാസികൾ. കടൽഭിത്തിയില്ലാത്ത ഇടങ്ങൾ വഴിയും ഭിത്തി തകർന്നു കിടക്കുന്ന ഇടങ്ങളിലും കടൽവെള്ളവും മണ്ണും പറമ്പുകളിലേക്ക് അടിച്ചുകയറുകയാണ്. കടൽഭിത്തിക്ക് മുകളിലൂടെയും തിരയടിച്ചു കയറുന്നുണ്ട്.
ചെല്ലാനത്ത് പല ഭാഗങ്ങളിലും കടൽക്ഷോഭത്തെ തുടർന്ന് കടൽഭിത്തി നശിച്ചുകിടക്കുകയാണ്. വീടുകളിലും പറമ്പുകളിലും വെള്ളം നിറഞ്ഞു. ഇന്നലെ രാവിലെ തുടങ്ങിയ കടൽ ക്ഷോഭം രാത്രിയിലും തുടരുകയാണ്. എടവനക്കാട് കണ്ണുപിള്ളക്കെട്ടും സമീപ പ്രദേശങ്ങളിലുള്ള ചെമ്മീൻ പാടങ്ങളും നിറഞ്ഞു തുടങ്ങി.
കൊച്ചിയിലും വെള്ളക്കെട്ട്
പശ്ചിമകൊച്ചിയിലും നഗരത്തിലും വെള്ളക്കെട്ട് രൂക്ഷമായി. നൂറോളം കുടുംബങ്ങളിൽ വെള്ളംകയറി. എറണാകുളം കലൂർ ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ട്. കലൂർ ജഡ്ജസ് അവന്യൂവിലെ അംബേദ്ക്കർ നഗറിലെ ആറിലധികം വീട്ടുകാർ വെള്ളക്കെട്ട് ഭീഷണിയിയിലാണ്. ജി.സി.ഡി.എയുടെ എൽ.ഐ. ജി. ക്വാർട്ടേഴ്‌സുകളിലുളളവരുൾപ്പടെ നൂറോളം കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. പ്രദേശത്തുകൂടി കടന്നുപോകുന്ന ടി.പി. കനാലിലേക്ക് ജലം ഒഴുകുന്ന കാനയിൽ തടയണ കെട്ടി വെളളം പമ്പു ചെയ്യുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും ഒരു പ്രവർത്തനവും ഇതേ വരെ ആരംഭിച്ചിട്ടില്ല.