തൃക്കാക്കര: തൃക്കാക്കരയിൽ ഒരു ഇടവേളക്ക് ശേഷം വീണ്ടും ബന്ധുനിയമനം നടത്തിയതായി ആരോപണം. തൃക്കാക്കര നഗരസഭ മുപ്പത്തിരണ്ടാം വാർഡിലെ അങ്കണവാടി ടീച്ചർ നിയമനവുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
തൃക്കാക്കരയിലെ 32-ാം നമ്പർ അങ്കണവാടി ടീച്ചറായിരുന്ന സുമതി വിരമിച്ച ഒഴിവിലേക്കാണ് ലീഗ് കൗൺസിലറുടെ ബന്ധുവിനെ ചട്ടങ്ങൾ ലംഘിച്ച് നിയമനം നടത്തിയത്.തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനീറ ഫിറോസ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ അനധികൃത നിയമനം.കഴിഞ്ഞ മുപ്പതിന് വിരമിച്ച അങ്കണവാടി ടീച്ചർ സുമതിക്ക് പകരം മുപ്പത്തിയേഴാം നമ്പർ അങ്കണവാടി ടീച്ചർ ബിന്ദുവിന് താത്കാലിക ചുമതല നൽകിവരുകയായിരുന്നു. എന്നാൽ ചൊവ്വാഴ്ച നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പന്റെ നേതൃത്വത്തിൽ ബലമായി 32-ാം നമ്പർ അങ്കണവാടിയുടെ താക്കോൽ വാങ്ങിയെടുക്കുകയും മുസ്ലിം ലീഗ് കൗൺസിലർ സജീന അക്ബറിന്റെ ബന്ധുവിനെ ടീച്ചറായി നിയമിക്കുകയുമായിരുന്നു. സംഭവം പുറത്തായതോടെ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി മെമ്പർ ഒ.എം സലാഹുദ്ദീൻ,മുൻ കൗൺസിലറും മോണിറ്ററിംഗ് കമ്മിറ്റി അങ്കവുമായ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി.പ്രതിഷേധം കനത്തതോടെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സന്റെ നേതൃത്വത്തിൽ താക്കോലുമായി കടന്നുകളയുകയായിരുന്നു.സംഭവത്തിൽ ഡി.വൈ.എഫ്.ഐ വിജിലൻസിൽ പരാതി നൽകുമെന്ന് സലാവുദ്ധീൻ പറഞ്ഞു.ഐ.സി.ഡി.എസ് സൂപ്രവൈസർ പോലും അറിയാതെയാണ് ഈ ബന്ധുനിയമനം നടത്തിയിരിക്കുന്നത്.നഗരസഭയിൽ നിന്നും അങ്കണവാടി ടീച്ചർ നിയമനവുമായി ബന്ധപ്പെട്ട് അറിയിപ്പുകളൊന്നും നൽകിയിട്ടില്ലെന്ന് ഐ.സി.ഡി.എസ് സൂപ്രവൈസർ പ്രിയ സി.ആർ നേതാക്കൾക്ക് രേഖാമൂലം എഴുതി നൽകി.