കൊച്ചി : ലക്ഷദ്വീപിനെയും അവിടത്തെ മത്സ്യസമ്പത്തും കുത്തക കോർപ്പറേറ്റുകൾക്ക് തീറെഴുതാനുളള കേന്ദ്രസർക്കാരിന്റെ ഗൂഢപദ്ധതിയാണ് ഇപ്പോഴത്തെ സംഭവവികാസത്തിന് കാരണമെന്ന് ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ.രാജൻ ബാബു പറഞ്ഞു. കള്ളവും പൊളി വചനവുമില്ലാതെ മാനുഷ്യരെല്ലാവരും ഏകമനസോടെ ജീവിക്കുന്ന മാവേലിനാടാണ് ലക്ഷദ്വീപ്. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണൻ ദ്വീപിലെ മുൻസിഫ് മജിസ്‌ട്രേറ്റ് ആയിരുന്ന കാലത്ത് കോടതി ആവശ്യങ്ങൾക്കായി പലപ്പോഴും അവിടെ ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്. അക്കാലത്ത് ദ്വീപ് നിവാസികളുടെ ജീവിതം അടുത്ത് നിന്ന് വീക്ഷിക്കാനായിട്ടുണ്ട്. ലക്ഷദ്വീപിലെ ശാന്തമായ ജനജീവിതം തകർത്ത് കോർപ്പറേറ്റുകൾക്ക് അധിനിവേശം നടത്താൻ വഴിയൊരുക്കുന്ന കേന്ദ്രസർക്കാരിന്റെ നീക്കത്തെ കക്ഷിരാഷ്ട്രീയം മറന്ന് ലക്ഷദ്വീപിന്റെ പോറ്റമ്മയായ കേരളത്തിലെ ജനത പോരാടാൻ തയ്യാറാകണമെന്നും രാജൻ ബാബു ആഹ്വാനം ചെയ്തു.