ആലുവ: ആലുവ നഗരസഭ കീഴ്മാട് ഗ്രാമപഞ്ചായത്തിന് മുമ്പിൽ മുട്ടുമടക്കി. പഞ്ചായത്ത് അതിർത്തിയോട് ചേർന്ന് നഗരസഭ തള്ളിയ ചില്ല് കുപ്പികളും പ്ലാസ്റ്റിക്കും ഉൾപ്പെടുന്ന കാനമാലിന്യം പഞ്ചായത്തിന്റെയും നാട്ടുകാരുടെയും ശക്തമായ സമ്മർദ്ദത്തിനൊടുവിൽ നഗരസഭ തിരിച്ചെടുപ്പിച്ചു.
ഇന്ന് രാവിലെയാണ് ജെ.സി.ബി ഉപയോഗിച്ച് മിനിലോറികളിൽ കയറ്റി മാലിന്യം തിരിച്ചയച്ചത്. സ്വകാര്യ വ്യക്തികൾ തള്ളുന്ന മാലിന്യം നാട്ടുകാരും തദ്ദേശ സ്ഥാപനങ്ങളും പിഴ ചുമത്തി തിരിച്ചെടുപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഒരു തദ്ദേശ സ്ഥാപനം മറ്റൊരു തദ്ദേശ സ്ഥാപനത്തെ കൊണ്ട് മാലിന്യം തിരിച്ചെടുപ്പിച്ച സംഭവം അപൂർവ്വമാണ്. ഇന്നലെ രാവിലെ എടയപ്പുറം ടൗൺഷിപ്പ് റോഡിൽ മാലിന്യവുമായെത്തിയ നഗരസഭയുടെ ലോറി മറിഞ്ഞതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. ഉച്ചയ്ക്ക് 'കേരളകൗമുദി ഫ്‌ളാഷി'ലൂടെ വാർത്ത പുറത്തുവന്നതോടെ സംഭവം കൂടുതൽ വിവാദമായി. സംഭവമറിഞ്ഞ് കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്‌നേഹ മോഹനൻ എന്നിവർ ഉൾപ്പെടെ സ്ഥലത്തെത്തി മാലിന്യം നീക്കിയില്ലെങ്കിൽ നിയമനടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി.
നഗരസഭയെയും കീഴ്മാട് ഗ്രാമപഞ്ചായത്തിനെയും വേർതിരിക്കുന്ന പാടശേഖരത്തിന്റെ നഗരസഭയോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് മാലിന്യം തള്ളാനെത്തിയത്. ഇവിടെ ചതുപ്പിൽ ചെരിഞ്ഞ് ലോറി മറിഞ്ഞതോടെയാണ് നാട്ടുകാർ അറിഞ്ഞത്. നഗരസഭ നിക്ഷേപിച്ചത് മാലിന്യമല്ലെന്നും ജൈവവളമാണെന്നും നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. സൈമൺ അവകാശപ്പെട്ടിരുന്നു. മഴക്കാലപൂർവ ശുചീകരണങ്ങളുടെ ഭാഗമായി കാനകൾ കോരിയപ്പോൾ അടിഞ്ഞുകൂടിയ മണ്ണാണെന്നും ഇത് ജൈവവളമായി ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇന്ന് മാലിന്യം നീക്കിയപ്പോഴാണ് ജൈവവളത്തിന്റെ യഥാർത്ഥ അവസ്ഥ നാട്ടുകാർ തിരിച്ചറിഞ്ഞത്. കുപ്പിച്ചില്ല്, പ്ലാസ്റ്റിക്ക് തുടങ്ങിയവയും ദുർഗന്ധം വമിക്കുന്ന ചെളിയുമാണുള്ളത്. നഗരസഭ പ്രദേശത്തെ മിക്കവാറും ചെറുകിട കെട്ടിടങ്ങളുടെ കക്കൂസുകളുടെ ഔട്ട്‌ലെറ്റ് പൊതുകാനകളിലേക്കാണ്. അതിനാൽ ഇത്തരം മാലിന്യവും തള്ളിയതിൽപ്പെടും.